Followers

Wednesday, 23 March 2011

ജീവിത ഗാഥ-9

വീശിയടിച്ച കാറ്റില്‍ ജനല്‍ പാളികള്‍ ആഞ്ഞടഞ്ഞു.വീണ്ടും അത് തുറന്നും അടഞ്ഞും കൊണ്ടേയിരുന്നു. പുറത്ത്‌   മഴ പൊടിയായി പെയ്യാന്‍ തുടങ്ങി.എഴുന്നേറ്റു ചെന്ന് ജനാലയുടെ കൊളുത്തിടാന്‍ ആനിക്ക് തോന്നിയില്ല.അവള്‍ കട്ടില്‍ കമിഴ്ന്നു കിടക്കുകയായിരുന്നു. .ഒരു സങ്കടമഴ പെയ്തു തോര്‍ന്ന ആലസ്യത്തില്‍..
പയസ്സിന്റെ   അടിയേറ്റു ചുവന്ന തിണര്‍ത്ത കവിള്‍ത്തടങ്ങളില്‍ അവള്‍ കൈകളാല്‍ തഴുകി.കുഞ്ഞു നാളു തൊട്ടേ പയസ്സിച്ചായനെ  പേടിയായിരുന്നു.. എങ്കിലും ഇത് വരെ നുള്ളിനോവിച്ചിട്ടില്ല.ഇന്നിപ്പോള്‍ ദുബായിലെ ജോലി പോലും വേണ്ടെന്നുവെച്ചു നാട്ടില്‍ വന്നിരിക്കുന്നു..എല്ലാത്തിനും കാരണക്കാരി താന്‍!

അവളുടെ മനസ്സില്‍  തോമസിന്റെ മുഖം തെളിഞ്ഞു. കപ്യാര്  വര്‍ക്കിയുടെ  മകന്‍..
ഇടയ്ക്കിടെ  പള്ളിയില്‍ വെച്ച് കാണുന്ന പരിചയം പിന്നീടെപ്പോഴോ പിരിയാനാവാത്ത അടുപ്പമായി തീര്‍ന്നു,സ്നേഹിക്കുന്നത് ഇത്ര വലിയ തെറ്റാണെന്ന് കരുതിയിരുന്നില്ല.കോളെജിലെക്കുള്ള വഴിയിലുടനീളം തോമസ്‌ കൂടെ വരുമായിരുന്നു.
ഇടക്കെപ്പോഴോ എല്ലാ സങ്കടങ്ങളും പങ്കു വെയ്ക്കാന്‍ പറ്റുന്ന ഒരു അത്താണിയായി തോമസ്‌ മാറുകയായിരുന്നു.പള്ളിമേടയില്‍ തളിര്‍ത്തു പൂത്ത പ്രണയം.നാട്ടുകാര്‍ക്കിടയില്‍ കുശുകുശുപ്പിനു വകയുണ്ടാക്കുമെന്നു കരുതിയതെ ഇല്ല.നാട്ടിലും,വീട്ടിലും  അറിയും മുന്‍പേ വാര്‍ത്ത കടല്‍ കടന്നു പോയിരുന്നു.


ഒരു ഭ്രാന്തന്റെ ഭാവഹാദികളോടെയാണ് പയസ്സിച്ചായന്‍ വീട്ടിലെത്തിയത്.വന്നയുടനെ  'ആ ഫീലിപ്പോസ് ചേട്ടന്‍ വന്നു ''നിന്റെ പെങ്ങളെ പറ്റി എന്തൊക്കെയാ കേള്‍ക്കുന്നെടാ പയസ്സെ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഇവളെ പറ്റിയായിരിക്കുമെന്നു തീരെ നിനച്ചില്ല..മേരിയെന്തോ ചെയ്തു എന്നൊക്കെയാ കരുതിയെ..എടീ എരണം കെട്ടവളെ,നീ തറവാട്ടിന് ചീത്തപ്പേര് കേള്പ്പിച്ചല്ലോ' എന്ന് പറഞ്ഞു തലമുടിയില്‍ കുത്തിപ്പിടിച്ചു തള്ളുകയായിരുന്നു.അമ്മച്ചി വന്നു തടയും വരെ തല്ലുകയും ചെയ്തു.എത്ര തല്ലിയിട്ടും തോമസിനെ മാത്രമേ കല്യാണം കഴിക്കൂ എന്ന് ആണയിട്ടു പറഞ്ഞു.തോമസില്ലാതെ ഒരു ജീവിതം ചിന്തിക്കാനേ വയ്യ.
''ആനീ..വന്നു വല്ലതും കഴിക്കു മോളെ..'' പതുക്കെ തല ഉയര്‍ത്തിനോക്കിയപ്പോള്‍ മേരിമ്മയാണ്.മേരിമ്മയ്ക്ക് തന്റെ പ്രണയത്തെ  കുറിച്ച്   നേരത്തെ അറിയാമായിരുന്നു.തന്നോടൊപ്പം നില്കുമെന്നും ഉറപ്പാണ്.പക്ഷെ മേരിമ്മയ്ക്കും,പയസ്സിച്ചായനെ നന്നേ പേടിയാണ്.
ആനിയുടെ കരഞ്ഞു തളര്‍ന്ന മുഖം കണ്ടു മേരിക്കും കരച്ചില്‍ വരുന്നുണ്ടായിരുന്നു.അവള്‍ പാടുപെട്ടു കരച്ചിലടക്കി,എന്നിട്ട് പതുക്കെ ആനിയുടെ അഴിഞ്ഞുലഞ്ഞ മുടി കോതിയൊതുക്കി അവളെ എഴുന്നേല്‍പ്പിച്ചു അടുക്കളയിലേക്കു നടന്നു.നിര്‍ബന്ധിച്ചു ചോറ് കഴിപ്പിച്ചു.ആനിക്ക് ചോറ് തൊണ്ടയ്ക്കു താഴോട്ട് ഇറങ്ങിയില്ല..ആകെ വീര്‍പ്പുമുട്ടിയ അവള്‍ മേരിമ്മയെ വിഷമിപ്പിക്കേണ്ടെന്നു കരുതി ഭക്ഷണം കഴിച്ചെന്നു വരുത്തി എണീറ്റു.ആനി അടുക്കള പുറത്തെ വരാന്തയിലേക്ക്‌ പോയി.രുക്ക തന്റെ കണ്ണട സാരിത്തുമ്പ് കൊണ്ടു തുടച്ചു കൊണ്ട് അടുക്കളയിലേക്കു വന്നു..മേരിയെ നോക്കി രുക്ക പറഞ്ഞു.''പയസ് ആ വര്‍ക്കിയുടെ വീട്ടിലേക്കു പോയിട്ടുണ്ട്''മേരി ഒന്ന് ഞെട്ടി. ''പയസ്സിന്റെ കൂടെ നിന്റെ ഇളയച്ചന്‍ വര്‍ഗീസും പോയിട്ടുണ്ട്.ഈ കല്യാണം അങ്ങ് നടത്തി കൊടുക്കാന്‍ ഞാന്‍ പറഞ്ഞു.ഇത് അവളോടും പറഞ്ഞേക്ക്..''പുറത്തേക്കു കൈ ചൂണ്ടികൊണ്ട് രുക്ക പറഞ്ഞു നിര്‍ത്തി.
അവര്‍ തിരിഞ്ഞ് അകത്തേക്ക് നടന്നപ്പോള്‍ മേരി അമ്പരന്നു നില്‍ക്കുകയായിരുന്നു.(തുടരും)