Followers

Sunday 22 May 2011

ജീവിത ഗാഥ 10


ആനിയുടെ മിന്നുകെട്ട് വലിയ ബഹളമില്ലാതെ പള്ളിയില്‍ വെച്ചു നടന്നു.അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങ്.ആനി തീര്‍ത്തും സന്തോഷവതിയായിരുന്നു.പയസ്സിനു അവളോട്‌ സങ്കടം തോന്നി..' തന്റെ പാവം പെങ്ങള്‍..' അവന്റെ ആത്മഗദം അല്പം ഉറക്കെയായോ എന്തോ ആനി തോമസിനോടൊപ്പം ഇരിക്കുന്നിടത് നിന്നു തിരിഞ്ഞ് നോക്കി.പയസ്സ് പെട്ടെന്ന് അവളുടെ അടുത്തേക്ക് ചെന്നു.പറയാന്‍ ഒട്ടനവധി കാര്യങ്ങള്‍ തികട്ടി വന്നെങ്കിലും അവളുടെ കവിളുകള്‍ തഴുകി തലയില്‍ കൈവെച്ചു അനുഗ്രഹിക്കാനെ പയസ്സിനു കഴിഞ്ഞുള്ളു..

വര്‍ഗീസിച്ചായന്‍ വന്നു വിളിച്ചപ്പോള്‍ അവന്‍ പുറത്തേക്കു നടന്നു..
''പയസ്സെ സംഗതി പ്രേമ കല്യാണം ആണേലും ആ വര്‍ക്കി ചോദിച്ചിരിക്കുന്നത് സ്ത്രീധനമായി വീടും പറമ്പും തരണം എന്നാ..ഒരു വര്‍ഷത്തിനുള്ളില്‍ എഴുതി കൊടുത്താല്‍ മതി എന്നാണു നിബന്തന..''
''ഉം...''  പയസ്സ് മൂളി.
''അമ്മച്ചിക്ക് അവരുടെ കൂടെ ജീവിക്കാം എന്ന് കൂടി പ്രമാണത്തില്‍ എഴുതി ചേര്‍ക്കണം.. വയസ്സ് കാലത്ത് അവര്‍ക്ക് വീട് വിടേണ്ട ഗതികേട് ഉണ്ടാക്കരുത്..''
''ഉം..'' പയസ്സ് വീണ്ടും മൂളലില്‍ മറുപടി ഒതുക്കി.

അവന്‍ അമ്മച്ചിയെ നോക്കി.മേരിമ്മയുടെ മകള്‍ ജെസ്സിയുടെ കൈകള്‍ പിടിച്ചു പള്ളി അങ്കണത്തില്‍ നില്‍ക്കുകയാണ്..
അധികം സന്തോഷം ആ മുഖത്ത് കാണാനില്ല.കാരണം പയസ്സിനറിയാം.മറീനയെയും,വീട്ടുകാരെയും വിവാഹത്തിന് ക്ഷണിച്ചതാണ്..അവരാരും വന്നില്ല.മറീന അവള്‍ക്കെങ്കിലും വരാമായിരുന്നു..പെണ്ണ് ആണിന്റെ മുന്നില്‍ ഒന്ന് തോറ്റു കൊടുക്കുന്നതില്‍ ഒരു തെറ്റുമില്ല.ആങ്ങളമാരുടെ തടങ്കലില്‍ ആയാലും വേണമെങ്കില്‍ അത് ഭേദിച്ച് അവള്‍ക്കു പുറത്തു വരാമായിരുന്നു.പയസ്സിന്റെ മനസ്സില്‍ ഒറ്റദിനം കൊണ്ടു അമര്‍ഷമായി.
അമര്‍ഷവും,വിദ്വേഷവും ഒക്കെ കൂടി തലപെരുക്കുന്നത് പോലെ അവനു തോന്നി.പിന്നീട് നടന്ന ചടങ്ങുകളിലെല്ലാം യാന്ത്രികമായാണ് അവന്‍ പങ്കെടുത്തത്.
തൊടിയിലെ മാവുകളിലെ ഇലകള്‍ തളിര്‍ക്കുകയും,മാമ്പൂക്കള്‍ നിറയുകയും, കണ്ണിമാങ്ങകള്‍ നിറഞ്ഞു,അവ വലുതായി മാമ്പഴങ്ങളായി രൂപാന്തരം പ്രാപിക്കുകയും ചെയ്തു.പയസ്സിനു ചെയ്യാന്‍ കാര്യമായ ജോലികളൊന്നും തന്നെയില്ലായിരുന്നു.അവന്‍ ദിനേശ് ബീഡിയും,വലിച്ച് 'മ' വാരികകള്‍ വായിച്ചു സമയം കൊല്ലി.കൃത്യ സമയത്ത് രുക്ക വെച്ചു വിളമ്പുന്ന ആഹാരം കഴിച്ചു.

അയാളുടെ ചടച്ച ജീവിതത്തില്‍ അനുതാപം തോന്നിയ ഒരു സുഹൃത്ത് ഇടയ്ക്കിടെ തന്റെ എസ്റ്റെറ്റിലേക്കുള്ള യാത്രയില്‍ പയസ്സിനെയും ഭാഗഭാക്കാക്കി.മഞ്ഞണിഞ്ഞ താഴ്വരയും,വെള്ളാരം കല്ലുകള്‍ നിറഞ്ഞ അരുവിയും,റബര്‍ മരങ്ങളുടെ കമനീയതയും നിറഞ്ഞ ആ സ്ഥലം പയസ്സിനെ ഉന്മേഷവാനാക്കി.പയസ്സിന്റെ സുഹൃത്തായ യോഹന്നാന്റെ കുടുംബ സ്വത്തായിരുന്നു ആ റബര്‍ തോട്ടം..അവിടത്തെ പണികള്‍ എടുപ്പിക്കുന്ന വറീത് ചേട്ടന് പയസ്സിനെ വലിയ കാര്യമായിരുന്നു.അയാള്‍ക്ക് തന്റെ മകളെ കൊണ്ടു പയ്സ്സിനെ കല്യാണം കഴിപ്പിക്കണം എന്ന് തോന്നി.രണ്ടാം കെട്ട് ആണെന്നതൊന്നും അയാള്‍ക്ക്‌ ഒരു പ്രശ്നമായിരുന്നില്ല.പുരനിറഞ്ഞു നില്‍ക്കുകയാണ് രണ്ടു പെണ്മക്കള്‍.റാണിയും,സവേരിയായും..
വറീതിന്റെ വീട്ടിലായിരുന്നു പയസ്സിനും,യോഹന്നാനും ഭക്ഷണം ഒരുക്കിയിരുന്നത്.റാണി ആണ് മിക്കപ്പോഴും അവര്‍ക്ക് വിളംബികൊടുക്കുന്നത്.അവളുടെ നീണ്ട കണ്പീലികള്‍ ഉള്ള നീല കണ്ണുകള്‍ പയസ്സിന്റെ ഹൃദയത്തില്‍ കിടന്നു പിടയ്ക്കാന്‍ തുടങ്ങിയത് വളരെ പെട്ടെന്നായിരുന്നു.

മറീനയുമായുള്ള ബന്ധം വേര്‍പ്പെട്ത്താതെ നാട്ടുകാരും,വീട്ടുകാരും അറിയാതെ പയസ്സ് റാണിയെ മിന്നു കെട്ടി.റാണിയെ സ്നേഹിക്കുമ്പോഴും പയസ്സിന്റെ മനസ്സിനകത്ത് വേരറക്കാനാവാതെ ആദ്യ ഭാര്യയോടുള്ള പ്രണയം നെരിപ്പോടായി എരിയുന്നുണ്ടായിരുന്നു.ഒന്നും ആരില്‍ നിന്നും അധികനാള്‍ ഒളിപ്പിക്കനാവില്ലല്ലോ..പയസ്സ് വീണ്ടും കല്യാണം കഴിച്ചെന്ന വാര്‍ത്ത നാട്ടില്‍ പാട്ടായി.നാട്ടുകാരുടെ വായില്‍ നിന്നും കേള്‍ക്കേണ്ടി വന്ന ഈ വാര്‍ത്തയില്‍ രുക്കയും,പെണ്മക്കളും വ്യാകുലപ്പെട്ടു.
 
 
 
ആനിയ്ക്കായിരുന്നു വലിയ സങ്കടം'' എന്നാലും ഇച്ചായന്‍ ഇത് ചെയ്തല്ലോ.. നമ്മളൊക്കെ ഇച്ചായന്റെ ആരാ അമ്മച്ചീ..'' എങ്ങിനെ ഭര്‍തൃ വീട്ടുകാരുടെ മുഖത്ത് നോക്കും എന്നൊക്കെയായിരുന്നു അവളുടെ സങ്കടം . അന്തിമമായ ഒരു തീരുമാനം രുക്ക തന്നെ എടുത്തു.''അവനൊരു ആണല്ലേ എത്രനാള്‍ ഇങ്ങനെ ഒറ്റപ്പെട്ടു കഴിയും? കെട്ടിയ സ്ഥിതിക്ക് ഇനി കൂടെ പൊറുപ്പിച്ചോട്ടേ..'' അമ്മയുടെ ഭാവപകര്ച്ചയില്ലാത്ത മുഖം കണ്ടു അത്ഭുതത്തോടെ ഇരുന്നു മേരി.

Wednesday 23 March 2011

ജീവിത ഗാഥ-9

വീശിയടിച്ച കാറ്റില്‍ ജനല്‍ പാളികള്‍ ആഞ്ഞടഞ്ഞു.വീണ്ടും അത് തുറന്നും അടഞ്ഞും കൊണ്ടേയിരുന്നു. പുറത്ത്‌   മഴ പൊടിയായി പെയ്യാന്‍ തുടങ്ങി.എഴുന്നേറ്റു ചെന്ന് ജനാലയുടെ കൊളുത്തിടാന്‍ ആനിക്ക് തോന്നിയില്ല.അവള്‍ കട്ടില്‍ കമിഴ്ന്നു കിടക്കുകയായിരുന്നു. .ഒരു സങ്കടമഴ പെയ്തു തോര്‍ന്ന ആലസ്യത്തില്‍..
പയസ്സിന്റെ   അടിയേറ്റു ചുവന്ന തിണര്‍ത്ത കവിള്‍ത്തടങ്ങളില്‍ അവള്‍ കൈകളാല്‍ തഴുകി.കുഞ്ഞു നാളു തൊട്ടേ പയസ്സിച്ചായനെ  പേടിയായിരുന്നു.. എങ്കിലും ഇത് വരെ നുള്ളിനോവിച്ചിട്ടില്ല.ഇന്നിപ്പോള്‍ ദുബായിലെ ജോലി പോലും വേണ്ടെന്നുവെച്ചു നാട്ടില്‍ വന്നിരിക്കുന്നു..എല്ലാത്തിനും കാരണക്കാരി താന്‍!

അവളുടെ മനസ്സില്‍  തോമസിന്റെ മുഖം തെളിഞ്ഞു. കപ്യാര്  വര്‍ക്കിയുടെ  മകന്‍..
ഇടയ്ക്കിടെ  പള്ളിയില്‍ വെച്ച് കാണുന്ന പരിചയം പിന്നീടെപ്പോഴോ പിരിയാനാവാത്ത അടുപ്പമായി തീര്‍ന്നു,സ്നേഹിക്കുന്നത് ഇത്ര വലിയ തെറ്റാണെന്ന് കരുതിയിരുന്നില്ല.കോളെജിലെക്കുള്ള വഴിയിലുടനീളം തോമസ്‌ കൂടെ വരുമായിരുന്നു.
ഇടക്കെപ്പോഴോ എല്ലാ സങ്കടങ്ങളും പങ്കു വെയ്ക്കാന്‍ പറ്റുന്ന ഒരു അത്താണിയായി തോമസ്‌ മാറുകയായിരുന്നു.പള്ളിമേടയില്‍ തളിര്‍ത്തു പൂത്ത പ്രണയം.നാട്ടുകാര്‍ക്കിടയില്‍ കുശുകുശുപ്പിനു വകയുണ്ടാക്കുമെന്നു കരുതിയതെ ഇല്ല.നാട്ടിലും,വീട്ടിലും  അറിയും മുന്‍പേ വാര്‍ത്ത കടല്‍ കടന്നു പോയിരുന്നു.


ഒരു ഭ്രാന്തന്റെ ഭാവഹാദികളോടെയാണ് പയസ്സിച്ചായന്‍ വീട്ടിലെത്തിയത്.വന്നയുടനെ  'ആ ഫീലിപ്പോസ് ചേട്ടന്‍ വന്നു ''നിന്റെ പെങ്ങളെ പറ്റി എന്തൊക്കെയാ കേള്‍ക്കുന്നെടാ പയസ്സെ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഇവളെ പറ്റിയായിരിക്കുമെന്നു തീരെ നിനച്ചില്ല..മേരിയെന്തോ ചെയ്തു എന്നൊക്കെയാ കരുതിയെ..എടീ എരണം കെട്ടവളെ,നീ തറവാട്ടിന് ചീത്തപ്പേര് കേള്പ്പിച്ചല്ലോ' എന്ന് പറഞ്ഞു തലമുടിയില്‍ കുത്തിപ്പിടിച്ചു തള്ളുകയായിരുന്നു.അമ്മച്ചി വന്നു തടയും വരെ തല്ലുകയും ചെയ്തു.എത്ര തല്ലിയിട്ടും തോമസിനെ മാത്രമേ കല്യാണം കഴിക്കൂ എന്ന് ആണയിട്ടു പറഞ്ഞു.തോമസില്ലാതെ ഒരു ജീവിതം ചിന്തിക്കാനേ വയ്യ.
''ആനീ..വന്നു വല്ലതും കഴിക്കു മോളെ..'' പതുക്കെ തല ഉയര്‍ത്തിനോക്കിയപ്പോള്‍ മേരിമ്മയാണ്.മേരിമ്മയ്ക്ക് തന്റെ പ്രണയത്തെ  കുറിച്ച്   നേരത്തെ അറിയാമായിരുന്നു.തന്നോടൊപ്പം നില്കുമെന്നും ഉറപ്പാണ്.പക്ഷെ മേരിമ്മയ്ക്കും,പയസ്സിച്ചായനെ നന്നേ പേടിയാണ്.
ആനിയുടെ കരഞ്ഞു തളര്‍ന്ന മുഖം കണ്ടു മേരിക്കും കരച്ചില്‍ വരുന്നുണ്ടായിരുന്നു.അവള്‍ പാടുപെട്ടു കരച്ചിലടക്കി,എന്നിട്ട് പതുക്കെ ആനിയുടെ അഴിഞ്ഞുലഞ്ഞ മുടി കോതിയൊതുക്കി അവളെ എഴുന്നേല്‍പ്പിച്ചു അടുക്കളയിലേക്കു നടന്നു.നിര്‍ബന്ധിച്ചു ചോറ് കഴിപ്പിച്ചു.ആനിക്ക് ചോറ് തൊണ്ടയ്ക്കു താഴോട്ട് ഇറങ്ങിയില്ല..ആകെ വീര്‍പ്പുമുട്ടിയ അവള്‍ മേരിമ്മയെ വിഷമിപ്പിക്കേണ്ടെന്നു കരുതി ഭക്ഷണം കഴിച്ചെന്നു വരുത്തി എണീറ്റു.ആനി അടുക്കള പുറത്തെ വരാന്തയിലേക്ക്‌ പോയി.രുക്ക തന്റെ കണ്ണട സാരിത്തുമ്പ് കൊണ്ടു തുടച്ചു കൊണ്ട് അടുക്കളയിലേക്കു വന്നു..മേരിയെ നോക്കി രുക്ക പറഞ്ഞു.''പയസ് ആ വര്‍ക്കിയുടെ വീട്ടിലേക്കു പോയിട്ടുണ്ട്''മേരി ഒന്ന് ഞെട്ടി. ''പയസ്സിന്റെ കൂടെ നിന്റെ ഇളയച്ചന്‍ വര്‍ഗീസും പോയിട്ടുണ്ട്.ഈ കല്യാണം അങ്ങ് നടത്തി കൊടുക്കാന്‍ ഞാന്‍ പറഞ്ഞു.ഇത് അവളോടും പറഞ്ഞേക്ക്..''പുറത്തേക്കു കൈ ചൂണ്ടികൊണ്ട് രുക്ക പറഞ്ഞു നിര്‍ത്തി.
അവര്‍ തിരിഞ്ഞ് അകത്തേക്ക് നടന്നപ്പോള്‍ മേരി അമ്പരന്നു നില്‍ക്കുകയായിരുന്നു.(തുടരും)

Thursday 6 January 2011

ജീവിതഗാഥ-8

"പയസ്സിക്കയാ ഈ കുട്ട്യോളെ ഇങ്ങനെ വഷളാക്കുന്നേ..അവറ്റകളെ അടുപ്പിക്കല്ലേന്നു പറഞ്ഞാല്‍ കേള്‍ക്കില്ലല്ലോ.." സലിം പരിഭവത്തിലാണ്.അറബി കുട്ടികള്‍ അലങ്കോലമാക്കിയിട്ടു പോയ കടയിലെ  കളിക്കോപ്പുകള്‍ അടുക്കി വെക്കുകയാണ് സലിം.പയസ്സ് പുഞ്ചിരി തൂകി സലീമിനെ തന്നെ നോക്കി നിന്നു.'തന്റെ ജോണി ക്കുട്ടിയുടെ അതെ പ്രായമാണ് സലീമിന്,ജോണിക്കുട്ടി ഇന്നുണ്ടായിരുന്നേല്‍..പയസ്സിനു പെട്ടെന്ന് സങ്കടം വന്നു.അയാള്‍ മനസ്സ് കൊണ്ടു നാട്ടിലേക്ക് പാഞ്ഞു. അമ്മച്ചിയേയും,റോഷനെയും,പെങ്ങന്മാരേയും ഓര്‍ത്തു.മറീനയെ കുറിച്ചും ഓര്‍ത്തു...കുറ്റബോധം മനസ്സില്‍ നുരകുത്തിയോ...
പയസ്സ് തന്റെ ശമ്പളത്തില്‍ നിന്നൊരു ഭാഗം കൃത്യമായി അമ്മച്ചിക്ക് അയച്ചു കൊടുക്കും.അതിലൊരു പങ്കു മറീനയ്ക്കുമുണ്ടാകും.പയസ്സിന്റെ അഭാവത്തില്‍ റോഷനെ മറീനയുടെ ആങ്ങളമാര്‍ അവരുടെ വീട്ടിലേക്കു കൊണ്ടു പോയിരുന്നു. പഠിത്തവും അങ്ങോട്ടേക്ക് മാറ്റി.മരീനയ്ക്കും അത് വലിയ ആശ്വാസം ആയി.പയസ്സ് അതില്‍ എതിര്‍പ്പൊന്നും പറയാതിരുന്നത് രുക്കയ്ക്ക് വലിയ സമാധാനം ആയി.
''പയസ്സിക്കാ ടെലിഫോണ്‍  അടിക്കുന്നത്  കേള്‍ക്കുന്നില്ലേ?"സലീമിന്റെ സ്വരം ചിന്തയില്‍ നിന്നുണര്‍ത്തി.

ബികേഷും,സലീമും,ചേര്‍ന്ന് പയസ്സിനു അത്യാവശ്യം അറബി വാക്കുകള്‍ പഠിപ്പിച്ചു കൊടുത്തിരുന്നു.പരിശ്രമത്താല്‍ കുറച്ച് നാള്‍ക്കകം പയസ്സിനു അത്യാവശ്യം അറബി പറയാമെന്നായി.
പയസ്സിന്റെ വരവോടെ കച്ചവടം അഭിവ്രിദ്ധിപ്പെടുന്നതായി ആല്‍ബര്‍ട്ടിന് മനസ്സിലായി.ഒഴിവു വേളകളില്‍ അയാള്‍ കടയില്‍ വരും.ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും.നിശ്ചിത ദിവസം കൃത്യമായി തന്റെ ജോലിക്കാര്‍ക്ക് ശമ്പളവും നല്‍കും.

പതിവുപോലൊരു വൈകുന്നേരം ആല്‍ബര്‍ട്ട് കടയില്‍ എത്തി.രണ്ടു പാകിസ്ഥാനികള്‍ക്ക് സാധനങ്ങള്‍ നല്‍കി പൈസാ വാങ്ങിക്കുകയായിരുന്നു പയസ്സ്.സലിം ഒരു വീട്ടിലേക്ക് സാധനങ്ങള്‍ ഡെലിവറി ചെയ്യാന്‍ പോയിരിക്കുന്നു.ബികോഷാകട്ടെ  വൈസ്റ്റുകള്‍ കാര്‍ട്ടണ്‌കളില്‍ ആക്കി വെക്കുന്നു.
ആല്‍ബര്‍ട്ട് നല്ല സന്തോഷത്തിലായിരുന്നു,അയാള്‍ പയസ്സിനെ കെട്ടിപിടിച്ചു,എന്നിട്ട് പറഞ്ഞു:"പയസ്സെ എനിക്കിപ്പോഴാണെടാ   സമാധാനം ആയത്..നിന്നെ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിച്ചപ്പോള്‍ കച്ചവടവും ഉഷാറായി.ഒരു ഗ്രോസറി കൂടി തുറന്നാലോ എന്നാലോചിക്കുകയാ ഞാന്‍..അതില്‍ എന്‍റെ പാര്‍ട്ട്ണര്‍ ആയി നിന്നെ തന്നെയാ ഞാന്‍ കണ്ട് വെച്ചിരിക്കുന്നെ.."പയസ്സിനു എന്ത് പറയണമെന്ന് അറിയാതെ ആയി.ആല്ബര്ട് തന്നെ ഇത്രയധികം സ്നേഹിക്കുന്നെന്നറിഞ്ഞു  പയസിന്റെ കണ്ണ് നിറഞ്ഞു.

എന്നാല്‍ വിധിവൈപര്വീതം എന്നല്ലാതെ എന്ത് പറയാന്‍... പയസ്സിനു ഇടയ്ക്കു വെച്ചു ജോലി നിര്‍ത്തി നാട്ടിലേക്ക് തിരിക്കേണ്ടി വന്നു.അതിനെ കുറിച്ച അടുത്ത ലക്കത്തില്‍....