Followers

Sunday, 22 May 2011

ജീവിത ഗാഥ 10


ആനിയുടെ മിന്നുകെട്ട് വലിയ ബഹളമില്ലാതെ പള്ളിയില്‍ വെച്ചു നടന്നു.അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങ്.ആനി തീര്‍ത്തും സന്തോഷവതിയായിരുന്നു.പയസ്സിനു അവളോട്‌ സങ്കടം തോന്നി..' തന്റെ പാവം പെങ്ങള്‍..' അവന്റെ ആത്മഗദം അല്പം ഉറക്കെയായോ എന്തോ ആനി തോമസിനോടൊപ്പം ഇരിക്കുന്നിടത് നിന്നു തിരിഞ്ഞ് നോക്കി.പയസ്സ് പെട്ടെന്ന് അവളുടെ അടുത്തേക്ക് ചെന്നു.പറയാന്‍ ഒട്ടനവധി കാര്യങ്ങള്‍ തികട്ടി വന്നെങ്കിലും അവളുടെ കവിളുകള്‍ തഴുകി തലയില്‍ കൈവെച്ചു അനുഗ്രഹിക്കാനെ പയസ്സിനു കഴിഞ്ഞുള്ളു..

വര്‍ഗീസിച്ചായന്‍ വന്നു വിളിച്ചപ്പോള്‍ അവന്‍ പുറത്തേക്കു നടന്നു..
''പയസ്സെ സംഗതി പ്രേമ കല്യാണം ആണേലും ആ വര്‍ക്കി ചോദിച്ചിരിക്കുന്നത് സ്ത്രീധനമായി വീടും പറമ്പും തരണം എന്നാ..ഒരു വര്‍ഷത്തിനുള്ളില്‍ എഴുതി കൊടുത്താല്‍ മതി എന്നാണു നിബന്തന..''
''ഉം...''  പയസ്സ് മൂളി.
''അമ്മച്ചിക്ക് അവരുടെ കൂടെ ജീവിക്കാം എന്ന് കൂടി പ്രമാണത്തില്‍ എഴുതി ചേര്‍ക്കണം.. വയസ്സ് കാലത്ത് അവര്‍ക്ക് വീട് വിടേണ്ട ഗതികേട് ഉണ്ടാക്കരുത്..''
''ഉം..'' പയസ്സ് വീണ്ടും മൂളലില്‍ മറുപടി ഒതുക്കി.

അവന്‍ അമ്മച്ചിയെ നോക്കി.മേരിമ്മയുടെ മകള്‍ ജെസ്സിയുടെ കൈകള്‍ പിടിച്ചു പള്ളി അങ്കണത്തില്‍ നില്‍ക്കുകയാണ്..
അധികം സന്തോഷം ആ മുഖത്ത് കാണാനില്ല.കാരണം പയസ്സിനറിയാം.മറീനയെയും,വീട്ടുകാരെയും വിവാഹത്തിന് ക്ഷണിച്ചതാണ്..അവരാരും വന്നില്ല.മറീന അവള്‍ക്കെങ്കിലും വരാമായിരുന്നു..പെണ്ണ് ആണിന്റെ മുന്നില്‍ ഒന്ന് തോറ്റു കൊടുക്കുന്നതില്‍ ഒരു തെറ്റുമില്ല.ആങ്ങളമാരുടെ തടങ്കലില്‍ ആയാലും വേണമെങ്കില്‍ അത് ഭേദിച്ച് അവള്‍ക്കു പുറത്തു വരാമായിരുന്നു.പയസ്സിന്റെ മനസ്സില്‍ ഒറ്റദിനം കൊണ്ടു അമര്‍ഷമായി.
അമര്‍ഷവും,വിദ്വേഷവും ഒക്കെ കൂടി തലപെരുക്കുന്നത് പോലെ അവനു തോന്നി.പിന്നീട് നടന്ന ചടങ്ങുകളിലെല്ലാം യാന്ത്രികമായാണ് അവന്‍ പങ്കെടുത്തത്.
തൊടിയിലെ മാവുകളിലെ ഇലകള്‍ തളിര്‍ക്കുകയും,മാമ്പൂക്കള്‍ നിറയുകയും, കണ്ണിമാങ്ങകള്‍ നിറഞ്ഞു,അവ വലുതായി മാമ്പഴങ്ങളായി രൂപാന്തരം പ്രാപിക്കുകയും ചെയ്തു.പയസ്സിനു ചെയ്യാന്‍ കാര്യമായ ജോലികളൊന്നും തന്നെയില്ലായിരുന്നു.അവന്‍ ദിനേശ് ബീഡിയും,വലിച്ച് 'മ' വാരികകള്‍ വായിച്ചു സമയം കൊല്ലി.കൃത്യ സമയത്ത് രുക്ക വെച്ചു വിളമ്പുന്ന ആഹാരം കഴിച്ചു.

അയാളുടെ ചടച്ച ജീവിതത്തില്‍ അനുതാപം തോന്നിയ ഒരു സുഹൃത്ത് ഇടയ്ക്കിടെ തന്റെ എസ്റ്റെറ്റിലേക്കുള്ള യാത്രയില്‍ പയസ്സിനെയും ഭാഗഭാക്കാക്കി.മഞ്ഞണിഞ്ഞ താഴ്വരയും,വെള്ളാരം കല്ലുകള്‍ നിറഞ്ഞ അരുവിയും,റബര്‍ മരങ്ങളുടെ കമനീയതയും നിറഞ്ഞ ആ സ്ഥലം പയസ്സിനെ ഉന്മേഷവാനാക്കി.പയസ്സിന്റെ സുഹൃത്തായ യോഹന്നാന്റെ കുടുംബ സ്വത്തായിരുന്നു ആ റബര്‍ തോട്ടം..അവിടത്തെ പണികള്‍ എടുപ്പിക്കുന്ന വറീത് ചേട്ടന് പയസ്സിനെ വലിയ കാര്യമായിരുന്നു.അയാള്‍ക്ക് തന്റെ മകളെ കൊണ്ടു പയ്സ്സിനെ കല്യാണം കഴിപ്പിക്കണം എന്ന് തോന്നി.രണ്ടാം കെട്ട് ആണെന്നതൊന്നും അയാള്‍ക്ക്‌ ഒരു പ്രശ്നമായിരുന്നില്ല.പുരനിറഞ്ഞു നില്‍ക്കുകയാണ് രണ്ടു പെണ്മക്കള്‍.റാണിയും,സവേരിയായും..
വറീതിന്റെ വീട്ടിലായിരുന്നു പയസ്സിനും,യോഹന്നാനും ഭക്ഷണം ഒരുക്കിയിരുന്നത്.റാണി ആണ് മിക്കപ്പോഴും അവര്‍ക്ക് വിളംബികൊടുക്കുന്നത്.അവളുടെ നീണ്ട കണ്പീലികള്‍ ഉള്ള നീല കണ്ണുകള്‍ പയസ്സിന്റെ ഹൃദയത്തില്‍ കിടന്നു പിടയ്ക്കാന്‍ തുടങ്ങിയത് വളരെ പെട്ടെന്നായിരുന്നു.

മറീനയുമായുള്ള ബന്ധം വേര്‍പ്പെട്ത്താതെ നാട്ടുകാരും,വീട്ടുകാരും അറിയാതെ പയസ്സ് റാണിയെ മിന്നു കെട്ടി.റാണിയെ സ്നേഹിക്കുമ്പോഴും പയസ്സിന്റെ മനസ്സിനകത്ത് വേരറക്കാനാവാതെ ആദ്യ ഭാര്യയോടുള്ള പ്രണയം നെരിപ്പോടായി എരിയുന്നുണ്ടായിരുന്നു.ഒന്നും ആരില്‍ നിന്നും അധികനാള്‍ ഒളിപ്പിക്കനാവില്ലല്ലോ..പയസ്സ് വീണ്ടും കല്യാണം കഴിച്ചെന്ന വാര്‍ത്ത നാട്ടില്‍ പാട്ടായി.നാട്ടുകാരുടെ വായില്‍ നിന്നും കേള്‍ക്കേണ്ടി വന്ന ഈ വാര്‍ത്തയില്‍ രുക്കയും,പെണ്മക്കളും വ്യാകുലപ്പെട്ടു.
 
 
 
ആനിയ്ക്കായിരുന്നു വലിയ സങ്കടം'' എന്നാലും ഇച്ചായന്‍ ഇത് ചെയ്തല്ലോ.. നമ്മളൊക്കെ ഇച്ചായന്റെ ആരാ അമ്മച്ചീ..'' എങ്ങിനെ ഭര്‍തൃ വീട്ടുകാരുടെ മുഖത്ത് നോക്കും എന്നൊക്കെയായിരുന്നു അവളുടെ സങ്കടം . അന്തിമമായ ഒരു തീരുമാനം രുക്ക തന്നെ എടുത്തു.''അവനൊരു ആണല്ലേ എത്രനാള്‍ ഇങ്ങനെ ഒറ്റപ്പെട്ടു കഴിയും? കെട്ടിയ സ്ഥിതിക്ക് ഇനി കൂടെ പൊറുപ്പിച്ചോട്ടേ..'' അമ്മയുടെ ഭാവപകര്ച്ചയില്ലാത്ത മുഖം കണ്ടു അത്ഭുതത്തോടെ ഇരുന്നു മേരി.

Wednesday, 23 March 2011

ജീവിത ഗാഥ-9

വീശിയടിച്ച കാറ്റില്‍ ജനല്‍ പാളികള്‍ ആഞ്ഞടഞ്ഞു.വീണ്ടും അത് തുറന്നും അടഞ്ഞും കൊണ്ടേയിരുന്നു. പുറത്ത്‌   മഴ പൊടിയായി പെയ്യാന്‍ തുടങ്ങി.എഴുന്നേറ്റു ചെന്ന് ജനാലയുടെ കൊളുത്തിടാന്‍ ആനിക്ക് തോന്നിയില്ല.അവള്‍ കട്ടില്‍ കമിഴ്ന്നു കിടക്കുകയായിരുന്നു. .ഒരു സങ്കടമഴ പെയ്തു തോര്‍ന്ന ആലസ്യത്തില്‍..
പയസ്സിന്റെ   അടിയേറ്റു ചുവന്ന തിണര്‍ത്ത കവിള്‍ത്തടങ്ങളില്‍ അവള്‍ കൈകളാല്‍ തഴുകി.കുഞ്ഞു നാളു തൊട്ടേ പയസ്സിച്ചായനെ  പേടിയായിരുന്നു.. എങ്കിലും ഇത് വരെ നുള്ളിനോവിച്ചിട്ടില്ല.ഇന്നിപ്പോള്‍ ദുബായിലെ ജോലി പോലും വേണ്ടെന്നുവെച്ചു നാട്ടില്‍ വന്നിരിക്കുന്നു..എല്ലാത്തിനും കാരണക്കാരി താന്‍!

അവളുടെ മനസ്സില്‍  തോമസിന്റെ മുഖം തെളിഞ്ഞു. കപ്യാര്  വര്‍ക്കിയുടെ  മകന്‍..
ഇടയ്ക്കിടെ  പള്ളിയില്‍ വെച്ച് കാണുന്ന പരിചയം പിന്നീടെപ്പോഴോ പിരിയാനാവാത്ത അടുപ്പമായി തീര്‍ന്നു,സ്നേഹിക്കുന്നത് ഇത്ര വലിയ തെറ്റാണെന്ന് കരുതിയിരുന്നില്ല.കോളെജിലെക്കുള്ള വഴിയിലുടനീളം തോമസ്‌ കൂടെ വരുമായിരുന്നു.
ഇടക്കെപ്പോഴോ എല്ലാ സങ്കടങ്ങളും പങ്കു വെയ്ക്കാന്‍ പറ്റുന്ന ഒരു അത്താണിയായി തോമസ്‌ മാറുകയായിരുന്നു.പള്ളിമേടയില്‍ തളിര്‍ത്തു പൂത്ത പ്രണയം.നാട്ടുകാര്‍ക്കിടയില്‍ കുശുകുശുപ്പിനു വകയുണ്ടാക്കുമെന്നു കരുതിയതെ ഇല്ല.നാട്ടിലും,വീട്ടിലും  അറിയും മുന്‍പേ വാര്‍ത്ത കടല്‍ കടന്നു പോയിരുന്നു.


ഒരു ഭ്രാന്തന്റെ ഭാവഹാദികളോടെയാണ് പയസ്സിച്ചായന്‍ വീട്ടിലെത്തിയത്.വന്നയുടനെ  'ആ ഫീലിപ്പോസ് ചേട്ടന്‍ വന്നു ''നിന്റെ പെങ്ങളെ പറ്റി എന്തൊക്കെയാ കേള്‍ക്കുന്നെടാ പയസ്സെ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഇവളെ പറ്റിയായിരിക്കുമെന്നു തീരെ നിനച്ചില്ല..മേരിയെന്തോ ചെയ്തു എന്നൊക്കെയാ കരുതിയെ..എടീ എരണം കെട്ടവളെ,നീ തറവാട്ടിന് ചീത്തപ്പേര് കേള്പ്പിച്ചല്ലോ' എന്ന് പറഞ്ഞു തലമുടിയില്‍ കുത്തിപ്പിടിച്ചു തള്ളുകയായിരുന്നു.അമ്മച്ചി വന്നു തടയും വരെ തല്ലുകയും ചെയ്തു.എത്ര തല്ലിയിട്ടും തോമസിനെ മാത്രമേ കല്യാണം കഴിക്കൂ എന്ന് ആണയിട്ടു പറഞ്ഞു.തോമസില്ലാതെ ഒരു ജീവിതം ചിന്തിക്കാനേ വയ്യ.
''ആനീ..വന്നു വല്ലതും കഴിക്കു മോളെ..'' പതുക്കെ തല ഉയര്‍ത്തിനോക്കിയപ്പോള്‍ മേരിമ്മയാണ്.മേരിമ്മയ്ക്ക് തന്റെ പ്രണയത്തെ  കുറിച്ച്   നേരത്തെ അറിയാമായിരുന്നു.തന്നോടൊപ്പം നില്കുമെന്നും ഉറപ്പാണ്.പക്ഷെ മേരിമ്മയ്ക്കും,പയസ്സിച്ചായനെ നന്നേ പേടിയാണ്.
ആനിയുടെ കരഞ്ഞു തളര്‍ന്ന മുഖം കണ്ടു മേരിക്കും കരച്ചില്‍ വരുന്നുണ്ടായിരുന്നു.അവള്‍ പാടുപെട്ടു കരച്ചിലടക്കി,എന്നിട്ട് പതുക്കെ ആനിയുടെ അഴിഞ്ഞുലഞ്ഞ മുടി കോതിയൊതുക്കി അവളെ എഴുന്നേല്‍പ്പിച്ചു അടുക്കളയിലേക്കു നടന്നു.നിര്‍ബന്ധിച്ചു ചോറ് കഴിപ്പിച്ചു.ആനിക്ക് ചോറ് തൊണ്ടയ്ക്കു താഴോട്ട് ഇറങ്ങിയില്ല..ആകെ വീര്‍പ്പുമുട്ടിയ അവള്‍ മേരിമ്മയെ വിഷമിപ്പിക്കേണ്ടെന്നു കരുതി ഭക്ഷണം കഴിച്ചെന്നു വരുത്തി എണീറ്റു.ആനി അടുക്കള പുറത്തെ വരാന്തയിലേക്ക്‌ പോയി.രുക്ക തന്റെ കണ്ണട സാരിത്തുമ്പ് കൊണ്ടു തുടച്ചു കൊണ്ട് അടുക്കളയിലേക്കു വന്നു..മേരിയെ നോക്കി രുക്ക പറഞ്ഞു.''പയസ് ആ വര്‍ക്കിയുടെ വീട്ടിലേക്കു പോയിട്ടുണ്ട്''മേരി ഒന്ന് ഞെട്ടി. ''പയസ്സിന്റെ കൂടെ നിന്റെ ഇളയച്ചന്‍ വര്‍ഗീസും പോയിട്ടുണ്ട്.ഈ കല്യാണം അങ്ങ് നടത്തി കൊടുക്കാന്‍ ഞാന്‍ പറഞ്ഞു.ഇത് അവളോടും പറഞ്ഞേക്ക്..''പുറത്തേക്കു കൈ ചൂണ്ടികൊണ്ട് രുക്ക പറഞ്ഞു നിര്‍ത്തി.
അവര്‍ തിരിഞ്ഞ് അകത്തേക്ക് നടന്നപ്പോള്‍ മേരി അമ്പരന്നു നില്‍ക്കുകയായിരുന്നു.(തുടരും)

Thursday, 6 January 2011

ജീവിതഗാഥ-8

"പയസ്സിക്കയാ ഈ കുട്ട്യോളെ ഇങ്ങനെ വഷളാക്കുന്നേ..അവറ്റകളെ അടുപ്പിക്കല്ലേന്നു പറഞ്ഞാല്‍ കേള്‍ക്കില്ലല്ലോ.." സലിം പരിഭവത്തിലാണ്.അറബി കുട്ടികള്‍ അലങ്കോലമാക്കിയിട്ടു പോയ കടയിലെ  കളിക്കോപ്പുകള്‍ അടുക്കി വെക്കുകയാണ് സലിം.പയസ്സ് പുഞ്ചിരി തൂകി സലീമിനെ തന്നെ നോക്കി നിന്നു.'തന്റെ ജോണി ക്കുട്ടിയുടെ അതെ പ്രായമാണ് സലീമിന്,ജോണിക്കുട്ടി ഇന്നുണ്ടായിരുന്നേല്‍..പയസ്സിനു പെട്ടെന്ന് സങ്കടം വന്നു.അയാള്‍ മനസ്സ് കൊണ്ടു നാട്ടിലേക്ക് പാഞ്ഞു. അമ്മച്ചിയേയും,റോഷനെയും,പെങ്ങന്മാരേയും ഓര്‍ത്തു.മറീനയെ കുറിച്ചും ഓര്‍ത്തു...കുറ്റബോധം മനസ്സില്‍ നുരകുത്തിയോ...
പയസ്സ് തന്റെ ശമ്പളത്തില്‍ നിന്നൊരു ഭാഗം കൃത്യമായി അമ്മച്ചിക്ക് അയച്ചു കൊടുക്കും.അതിലൊരു പങ്കു മറീനയ്ക്കുമുണ്ടാകും.പയസ്സിന്റെ അഭാവത്തില്‍ റോഷനെ മറീനയുടെ ആങ്ങളമാര്‍ അവരുടെ വീട്ടിലേക്കു കൊണ്ടു പോയിരുന്നു. പഠിത്തവും അങ്ങോട്ടേക്ക് മാറ്റി.മരീനയ്ക്കും അത് വലിയ ആശ്വാസം ആയി.പയസ്സ് അതില്‍ എതിര്‍പ്പൊന്നും പറയാതിരുന്നത് രുക്കയ്ക്ക് വലിയ സമാധാനം ആയി.
''പയസ്സിക്കാ ടെലിഫോണ്‍  അടിക്കുന്നത്  കേള്‍ക്കുന്നില്ലേ?"സലീമിന്റെ സ്വരം ചിന്തയില്‍ നിന്നുണര്‍ത്തി.

ബികേഷും,സലീമും,ചേര്‍ന്ന് പയസ്സിനു അത്യാവശ്യം അറബി വാക്കുകള്‍ പഠിപ്പിച്ചു കൊടുത്തിരുന്നു.പരിശ്രമത്താല്‍ കുറച്ച് നാള്‍ക്കകം പയസ്സിനു അത്യാവശ്യം അറബി പറയാമെന്നായി.
പയസ്സിന്റെ വരവോടെ കച്ചവടം അഭിവ്രിദ്ധിപ്പെടുന്നതായി ആല്‍ബര്‍ട്ടിന് മനസ്സിലായി.ഒഴിവു വേളകളില്‍ അയാള്‍ കടയില്‍ വരും.ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും.നിശ്ചിത ദിവസം കൃത്യമായി തന്റെ ജോലിക്കാര്‍ക്ക് ശമ്പളവും നല്‍കും.

പതിവുപോലൊരു വൈകുന്നേരം ആല്‍ബര്‍ട്ട് കടയില്‍ എത്തി.രണ്ടു പാകിസ്ഥാനികള്‍ക്ക് സാധനങ്ങള്‍ നല്‍കി പൈസാ വാങ്ങിക്കുകയായിരുന്നു പയസ്സ്.സലിം ഒരു വീട്ടിലേക്ക് സാധനങ്ങള്‍ ഡെലിവറി ചെയ്യാന്‍ പോയിരിക്കുന്നു.ബികോഷാകട്ടെ  വൈസ്റ്റുകള്‍ കാര്‍ട്ടണ്‌കളില്‍ ആക്കി വെക്കുന്നു.
ആല്‍ബര്‍ട്ട് നല്ല സന്തോഷത്തിലായിരുന്നു,അയാള്‍ പയസ്സിനെ കെട്ടിപിടിച്ചു,എന്നിട്ട് പറഞ്ഞു:"പയസ്സെ എനിക്കിപ്പോഴാണെടാ   സമാധാനം ആയത്..നിന്നെ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിച്ചപ്പോള്‍ കച്ചവടവും ഉഷാറായി.ഒരു ഗ്രോസറി കൂടി തുറന്നാലോ എന്നാലോചിക്കുകയാ ഞാന്‍..അതില്‍ എന്‍റെ പാര്‍ട്ട്ണര്‍ ആയി നിന്നെ തന്നെയാ ഞാന്‍ കണ്ട് വെച്ചിരിക്കുന്നെ.."പയസ്സിനു എന്ത് പറയണമെന്ന് അറിയാതെ ആയി.ആല്ബര്ട് തന്നെ ഇത്രയധികം സ്നേഹിക്കുന്നെന്നറിഞ്ഞു  പയസിന്റെ കണ്ണ് നിറഞ്ഞു.

എന്നാല്‍ വിധിവൈപര്വീതം എന്നല്ലാതെ എന്ത് പറയാന്‍... പയസ്സിനു ഇടയ്ക്കു വെച്ചു ജോലി നിര്‍ത്തി നാട്ടിലേക്ക് തിരിക്കേണ്ടി വന്നു.അതിനെ കുറിച്ച അടുത്ത ലക്കത്തില്‍....

Saturday, 25 December 2010

ജീവിത ഗാഥ-7

വിമാനത്തിന്റെ ശീതളിമയില്‍ ഇരിക്കുമ്പോള്‍ പയസിന്റെ മനസ്സില്‍ വിതുമ്പി കരയുന്ന റോഷന്റെ മുഖമായിരുന്നു.റോഷന്റെ കരച്ചിലില്‍ മറീനയെ  ആണ് കണ്ടത്.അമ്മച്ചിയും കരച്ചിലടക്കാന്‍ പാടുപെട്ടു.മേരിമ്മയും,ആനിയും കരഞ്ഞു കൊണ്ടു തന്നെ യാത്ര അയച്ചു.ഓര്‍മ്മകളില്‍ തേങ്ങുന്ന മനസ്സിനെ അടക്കാന്‍ പണിപ്പെട്ടു പരാജയപ്പെട്ട പയസ്സിന്റെ കണ്ണുനീര്‍ തീര്‍ത്ത മറയില്‍ ആകാശത്തിലെ വെള്ളിമേഘങ്ങള്‍ തെന്നി നീങ്ങുന്ന കാഴ്ച മങ്ങിമങ്ങി വന്നു.

ചെറിയൊരു സീല്‍ക്കാരത്തോടെ വിമാനം ദുബായ് എയര്‍ പോര്‍ട്ടില്‍ ലാണ്ട് ചെയ്തപ്പോഴാണ് പയസ്സ് ഞെട്ടി ഉണര്‍ന്നത്.വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ക്കിടയില്‍ എപ്പോഴോ അയാളെ ഉറക്കം ഗ്രസിച്ചിരുന്നു.എയര്‍ പോര്‍ട്ടിലെ പരിശോധനകള്‍ കഴിഞ്ഞു ലഗ്ഗേജും എടുത്ത് പുറത്തെത്തിയപ്പോള്‍ മേരിയുടെ ഭര്‍ത്താവ് ജോസഫിന്റെ അളിയന്‍ ആല്‍ബര്‍ട്ട് ചിരിയോടെ കാത്തിരിക്കുന്നുണ്ടായിരുന്നു.
വെളുത്ത് തടിച്ചു അല്പം കുടവയറുള്ള മധ്യവയസ്കന്‍ ആയിരുന്നു ആല്‍ബര്‍ട്ട്.ആല്‍ബര്‍ട്ട് വന്നു പയസ്സിന്റെ കയ്യിലുണ്ടായിരുന്ന ബാഗ് വാങ്ങി;മറുകൈ പയസ്സിന്റെ തോളിലേക്കിട്ടു തന്റെ പിക്കപ്പ് പാര്‍ക്ക് ചെയ്തിടത്തേക്ക്   നടന്നു.നാട്ടു വിശേഷങ്ങള്‍ ചോദിച്ചു കൊണ്ടു അനായാസേന അയാള്‍ വാഹനം വളച്ചും,തിരിച്ചും ഓടിച്ചു കൊണ്ടേയിരുന്നു.പയസ്സ് ദുബായ് നഗരം കൌതുകത്തോടെ നോക്കി കണ്ട്.അല്‍പ സമയത്തേക്ക് അയാള്‍ നാടും,വീടും മറന്നു.ഏകദേശം അരമണിക്കൂറിനു ശേഷം ഇടുങ്ങിയ തെരുവിലൂടെ പിക്കപ്പ് ഒരു കടയുടെ മുന്നിലെത്തി നിന്നു."ഇതാണ് ഷാര്‍ജ.ഇവിടെയാണ്‌ എന്‍റെ ഗ്രോസറി."വരൂ.." ആല്‍ബര്‍ട്ട് പയസ്സോടായി പറഞ്ഞു വണ്ടിയില്‍ നിന്നിറങ്ങി.പയസ്സ് ബാഗുമെടുത്ത് ഇറങ്ങി,ആല്‍ബര്‍ട്ടിനു പുറകെ കടയിലേക്ക് നടന്നു.ആല്‍ബര്‍ട്ട് കയറി ചെന്നപ്പോള്‍ അവിടെ ഉണ്ടായിരുന്ന ബംഗാളി യുവാവ് പൊടുന്നനെ എണീറ്റു മാറി  നിന്നു.ആല്‍ബര്‍ട്ട് ഒരു തണുത്ത പെപ്സി ടിന്നെടുത്ത് പയസ്സിനു കൊടുത്തു.ഒരു ചെയര്‍ എടുത്തു കൊടുത്ത് പയസ്സിനോട് ഇരിക്കാന്‍ പറഞ്ഞു.എന്നിട്ട് ബംഗാളിയോടായി ഹിന്ദിയില്‍  പറഞ്ഞു"ബികോഷ്..ഇതാണ് ഞാന്‍ പറഞ്ഞ ആള്‍..ഇനി ഈ കട നോക്കി നടത്തുന്നത് പയസ്സാണ്..എല്ലാം പറഞ്ഞു മനസ്സിലാക്കി കൊടുക്കണം.."
"ടീക്കെ..അര്‍ബാബ്.." ബികോഷ് ഭവ്യതയോടെ പറഞ്ഞു.
ആല്‍ബര്‍ട്ട് പയസ്സിനെയും കൂട്ടി കടയുടെ അകത്തുനിന്നും മുകളിലേക്കുള്ള കോവണി കയറി.അവിടം ഒരു ചെറിയ ഗോഡൌണ്‍ പോലെ തോന്നിച്ചു.പ്ലേവുഡ് ഉപയോഗിച്ച് വേര്തിര്‍ച്ച ഒരു കിടപ്പ് മുറിയും,ചെറിയ ഒരു അടുക്കളയും,അതിനടുത്തായി ഒരു ടോയിലെറ്റും ഉണ്ടായിരുന്നു.മുറിയില്‍ രണ്ടു കട്ടിലുകള്‍ ഉണ്ടായിരുന്നു.അതിലൊന്ന് ചൂണ്ടി ആല്‍ബര്‍ട്ട് പറഞ്ഞു."ഇതാണ് പയസിന്റെ കട്ടില്‍.ഒന്ന് കുളിച്ചു ഫ്രെഷായി വരൂ..നമുക്കെന്റെ റൂമിലേക്ക്‌ പോകാം".

പയസ്സ് ബാഗ് തുറന്നു മാറി ധരിക്കാനുള്ള വസ്ത്രങ്ങള്‍ എടുത്ത് കുളിമുറിയിലേക്ക് നടന്നു.ടാപ്പ് തുറന്നു കയ്യും,മുഖവും കഴുകി.വെള്ളത്തിന്‌ നല്ല ചൂടായിരുന്നു.ചൂട് വെള്ളത്തിലുള്ള കുളി പയസ്സിനെ ഉന്മേഷവാനാക്കി.കുളി കഴിഞ്ഞു പുറത്തേക്കു വന്നപ്പോള്‍ ആല്‍ബര്‍ട്ടിനെ കണ്ടില്ല.പയസ്സ് കോണിപ്പടികള്‍ ഇറങ്ങി താഴെ കടയിലേക്ക് ചെന്നു.
ആല്‍ബര്‍ട്ട് ഒരു കൌമാരക്കാരനെ ഉറക്കെ ശകാരിക്കുന്നു.അവന്‍ പേടിച്ചു വിളറിയിരിക്കുന്നു.കടയിലെ സാധനങ്ങള്‍ ഡെലിവറി ചെയ്യുന്ന മലയാളി പയ്യനായിരുന്നു അവന്‍.സാധനങ്ങളുമായി  പോയി തിരികെ എത്താന്‍ വൈകിയെന്നു ബികോഷ് ആല്‍ബര്ട്ടോട് പറഞ്ഞതാണ് പയ്യന് വഴക്ക് കേള്‍ക്കേണ്ടി വന്നത്.വഴിയില്‍ അവന്റെ സമ പ്രായത്തിലുള്ള കുട്ടികള്‍ ഫുട്ബോള്‍ കളിക്കുന്നത്  കണ്ട് നോക്കി നിന്നു പോയി,മുതലാളി കടയിലുണ്ടാകുമെന്നു തീരെ കരുതിയിരുന്നില്ല.ബികോഷ് കിട്ടിയ തക്കം മുതലാക്കുകയും ചെയ്തു.അവന്‍ തല കുനിച്ചു നിന്നു.
പയസ്സ് വരുന്നത് കണ്ട് ആല്‍ബര്‍ട്ട് പെട്ടെന്ന് മുഖത്തെ കോപം മാറ്റി.പയസ്സിനെയും കൂട്ടി വണ്ടിയിലേക്ക്  നടന്നു.അപ്പോഴേക്കും അന്തിച്ചോപ്പ്‌ പരന്നിരുന്നു.

ആല്‍ബര്‍ട്ടിന് ദുബായ് മുനിസിപ്പാലിറ്റിയില്‍ ആണ് ജോലി.മോശമില്ലാത്ത സാലറിയും,അക്കൊമഡേഷനും  ഉണ്ട്.സൈഡ് ബിസിനെസ്സായി ഈ ഗ്രോസറിയും നടത്തുന്നു.നാട്ടിലെ വലിയ സമ്പന്നന്‍..
ആല്‍ബര്‍ട്ടിന് ബികോഷിനെ അത്ര വിശ്വാസം പോര..താനില്ലാത്തപ്പോള്‍ അയാള്‍ പലകള്ളതരങ്ങളും നടത്തുന്ന പോലെ..വിശ്വസ്തനായ ഒരാളെ വേണമെന്ന് കരുതിയിരിക്കുമ്പോഴാണ്  ജോസഫ് പയസ്സിന്റെ കാര്യം പറഞ്ഞത്.ബോംബെയില്‍ പയസ്സിന്റെ ബിസിനെസ്സ് നടത്തിപ്പുകള്‍ വിജയമായിരുന്നെന്ന്‍ അറിഞ്ഞപ്പോള്‍  ആല്‍ബര്‍ട്ട് മറ്റൊന്നും നോക്കിയില്ല.അങ്ങനെയാണ് പയസ്സിനെ കൊണ്ടു വരുന്നത്.

ഒരു വലിയ ബില്‍ഡിങ്ങിനു മുന്നിലെത്തി പിക്കപ്പ് നിന്നു.ആല്‍ബര്‍ട്ടിന്റെ താമസ സ്ഥലം.രണ്ടാം നിലയിലേക്ക് സ്ട്ടയര്‍  കൈസ് കയറി.ആല്‍ബര്‍ട്ടിന്റെ മുറി വിശാലമായിരുന്നു.അതില്‍ അഞ്ചു കട്ടിലുകള്‍ കാണപ്പെട്ടു.ഒരു വലിയ അടുക്കളയിലേക്കു പയസ്സിനെയും കൂട്ടി ആല്‍ബര്‍ട്ട് ചെന്നു.
ഒരു തീന്‍ മേശക്കു ചുറ്റും കുറെ ആള്‍ക്കാര്‍ ഇരിക്കുന്നു.പയസ്സിനെ അവിടെ ഇരുത്തി ആല്‍ബര്‍ട്ടും ഇരുന്നു.കഴുകി അട്ടിവെച്ചിരിക്കുന്ന പ്ലേറ്റുകളില്‍  ഒന്നെടുത്ത് ആല്‍ബര്‍ട്ട് പയസ്സിനു ഭക്ഷണം വിളമ്പി കൊടുത്തു.മറ്റൊരു പ്ലേറ്റില്‍ അയാള്‍ക്കും എടുത്ത് കഴിക്കാന്‍ തുടങ്ങി.ചിലര്‍ക്കൊക്കെ ആല്‍ബര്‍ട്ട് പയസ്സിനെ പരിചയപ്പെടുതുന്നുണ്ടായിരുന്നു.
ഓരോരുത്തരായി  കഴിക്കുകയും, എഴുന്നേല്‍ക്കുകയും ചെയ്യുന്നുണ്ടായിരുന്നു, പയസ്  ഭക്ഷണം കഴിച്ചെന്നു വരുത്തി എഴുന്നേറ്റു, പതുക്കെ കൈകഴുകി  ആല്‍ബര്‍ട്ടിന്റെ മുറിയിലേക്ക് നടന്നു.അവിടെ ആരും ഉണ്ടായിരുന്നില്ല.

പലരും പുറത്തെ വരാന്തയില്‍ ഇരുന്നു പത്രം വായിക്കുകയും,വര്‍ത്തമാനം പറയുകയും ചെയ്യുകയായിരുന്നു.ആല്‍ബര്‍ട്ട് മുറിയിലേക്ക് വന്നു,"പയസ്സ് കിടന്നോള്..നാളെ മുതല്‍ കടയില്‍ ജോലിക്ക് നില്ക്കെണ്ടതല്ലേ.."ഇന്ന് ഇവിടെ കഴിയാം..." പയസ്സിനു തനിച്ചു കിടക്കാന്‍ അദമ്യമായ ആഗ്രഹം ഉണ്ടായിരുന്നു.അത് മനസ്സിലാക്കിയെന്നോണം റൂമിലെ എസി ഓണ്‍ ചെയ്തു ലൈറ്റ് ഓഫാക്കി ആല്‍ബര്‍ട്ട് പുറത്തിറങ്ങി  വാതില്‍ ചാരി.(തുടരും.)

Monday, 13 December 2010

ജീവിത ഗാഥ-6

ലിറ്റില്‍  ഫ്ലവര്‍ യുപി സ്കൂളിന്റെ വരാന്തയിലൂടെ നടക്കുകയായിരുന്നു,പയസ്.ഇടയ്ക്കിടെ ഓരോ ക്ലാസ്സ്മുറിയിലേക്കും   നോക്കുന്നുണ്ട്.5 -ബീയുടെ മുന്നിലെത്തിയപ്പോള്‍ പയസ് നിന്നു,സയന്‍സ് അധ്യാപികയായ ആഗ്നസ് ക്ലാസ്സെടുത്തു കൊണ്ടിരിക്കുകയായിരുന്നു.വാതില്‍ക്കല്‍ നില്‍ക്കുന്ന പയസിനെ കണ്ട് ആഗ്നസ് പുറത്തേക്കു വന്നു."എന്താ സാര്‍?" അവര്‍ ഭവ്യതയോടെ ചോദിച്ചു. "റോഷനെ കൂട്ടികൊണ്ട് പോകാന്‍ വന്നതാ..ഹെഡ്മാസ്റ്റെര്‍ ക്ലാസ്സില്‍ ചെന്നു വിളിച്ചോളാന്‍  പറഞ്ഞു". പയസ് പറഞ്ഞത് കേട്ടു "ശരി" എന്ന് പറഞ്ഞു തലകുലുക്കി കൊണ്ട് ആഗ്നസ് അകത്തേക്ക് പോയി."റോഷന്‍,പപ്പാ വന്നിട്ടുണ്ട്..കുട്ടി ബാഗെടുത്ത് ചെന്നോളൂ.." ടീച്ചര്‍ പറഞ്ഞത് കേട്ടു,റോഷന്‍ സന്തോഷത്തോടെ പുസ്തകങ്ങള്‍ പെറുക്കി ബാഗിലാക്കി വേഗം പയസിനരികിലേക്ക് ചെന്നു.പപ്പയ്ക്ക് തന്നോടും,മമ്മിയോടും ഉള്ള പിണക്കമൊക്കെ മാറിക്കാണും എന്ന് അവന്‍ ആശ്വസിച്ചു.

പയസ് അക്ഷമനായി വരാന്തയില്‍ നില്‍ക്കുകയായിരുന്നു.റോഷനെ കണ്ട് അയാള്‍ സന്തോഷത്തോടെ അവന്റെ കൈകള്‍ കവര്‍ന്നു."പപ്പാ.. പയസ്സ് വിളിച്ചു.പയസ്സിന്റെ ആന്തരാളങ്ങളില്‍ നിന്നു ഒരു തേങ്ങല്‍ ഉയര്‍ന്നു.പണിപ്പെട്ടു അതടക്കി മുട്ട് താഴ്ത്തിയിരുന്നു റോഷന്റെ കവിളില്‍ ഉമ്മവെച്ചു.മനസ്സില്‍ കുറ്റബോധത്തിന്റെ ചീളുകള്‍ അസ്വസ്ഥതയായി പടരുന്നതറിഞ്ഞു..എഴുന്നേറ്റു റോഷന്റെ കൈകള്‍ പിടിച്ചു സ്കൂള്‍ ഗേറ്റിനു അരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഒട്ടോരിക്ഷയിലേക്ക് നടന്നു,"നമ്മളെവിടെക്കാ പപ്പാ പോകുന്നെ.".ഒട്ടോയിലേക്ക്   കയറുമ്പോള്‍ റോഷന്‍ ആരാഞ്ഞു.മറീനയുടെ വീട്ടിലേക്കു   സ്കൂളില്‍ നിന്നും  ഏതാനും  മിനുട്ടിന്റെ  നടത്തമേ      ഉണ്ടായിരുന്നുള്ളൂ.
.
ഓട്ടോ നീങ്ങുമ്പോള്‍ റോഷന്‍ സംശയത്തോടെ വീണ്ടും പപ്പായെ നോക്കി.അവന്റെ നോട്ടം  നേരിടാതെ  പുറത്തേക്കു  കണ്ണുകള്‍ പായിച്ചു  കൊണ്ട് പയസ് പറഞ്ഞു."വല്യമ്മച്ചിയെ  കാണണ്ടേ നിനക്ക്..വല്യമ്മച്ചിക്കു നല്ല സുഖമില്ല.."
റോഷന്‍ മിണ്ടാതെ തല താഴ്ത്തിയിരുന്നു.വല്യമ്മച്ചിയെ കാണാഞ്ഞിട്ട് തനിക്കും,അമ്മച്ചിക്കും ഒത്തിരി സങ്കടമുണ്ടല്ലോ എന്നോര്‍ക്കുകയായിരുന്നു,അവന്‍..

ഓട്ടോ പഞ്ചായത്ത് ഓഫീസും കഴിഞ്ഞു,ഹൈസ്കൂളും പിന്നിട്ടു വളവു തിരിഞ്ഞ് വലിയ വീട്ടില്‍ തറവാടിനു മുന്നിലെത്തി നിന്നു.ഓട്ടോക്കാരന് കാശും കൊടുത്ത് പയസ് മകനെയും കൂട്ടി വീട്ടിലേക്കു കയറി.


മുന്‍വശത്തെ മുറിയുടെ ചുമരില്‍ തൂക്കിയ അബ്രഹമാന്റിന്റെ വലിയ ഫോട്ടോയില്‍ പറ്റിയ പൊടികള്‍ തുടച്ചു മാറ്റുകയായിരുന്നു രുക്ക.പയസിനെയും,റോഷനെയും കണ്ട് കൈകള്‍ സാരിത്തുമ്പില്‍ തുടച്ചു കൊണ്ട് ആഹ്ലാദത്തോടെ അവര്‍ അടുത്തേക്ക് ചെന്നു.വല്യമ്മച്ചിയുടെ മിഴികള്‍ നിറഞ്ഞൊഴുകുന്നത് കണ്ട് റോഷന് സങ്കടമായി.."വല്യമ്മച്ചിക്കു വയ്യായ്കയാ..?`"എന്ന് ചോദിച്ച റോഷനെ മുത്തങ്ങള്‍ കൊണ്ടു മൂടുകയായിരുന്നു രുക്ക.വല്യമ്മച്ചിക്കു മോനെ കാണാത്ത വിഷമമാടാ..ഇപ്പം ഒരസുഖവുമില്ല..രുക്ക തേങ്ങി.."മറീനയെ കൂടി കൂട്ടാമായിരുന്നില്ലെടാ നിനക്ക്.."അവര്‍ പയസ്സിനു നേര്‍ക്ക്‌ മുഖമുയര്‍ത്തി കൊണ്ടു ചോദിച്ചു.
പയസ്സ് മുഖം താഴ്ത്തി,"മറീനയുടെ വീട്ടില്‍ ഞാന്‍ പോയിരുന്നു..ഇനി അവളെ ഇങ്ങോട്ട് പ്രതീക്ഷിക്കേണ്ട"പതുക്കെ പറഞ്ഞു കൊണ്ടു പയസ് ധ്രിതിയില്‍ പുറത്തേക്കിറങ്ങി പോയി.രുക്ക സ്തബ്ധയായി ആ പോക്ക് നോക്കി നിന്നു.

മറീനയുടെ ആങ്ങളമാരും പയസ്സും,തമ്മില്‍ ഉടക്കുണ്ടാവുകയും,മറീനയെ ഇനി വലിയവീട്ടിലേക്ക് അയക്കുന്നില്ലെന്നു അവര്‍ തീരുമാനിക്കുകയും ചെയ്തു.പയസ് റോഷനെ  തന്റെ വീട്ടിനടുത്തുള്ള സ്കൂളിലേക്ക് മാറ്റി.മറീന വല്ലാത്ത പ്രതിസന്ധിയില്‍ അകപ്പെട്ടു.അമ്മയും,ആങ്ങളമാരും തീര്‍ത്ത വീടുതടങ്കലില്‍ കണ്ണീര്‍ കടലില്‍ അവള്‍ മുങ്ങി.
നിസ്സാര കാര്യങ്ങള്‍ ഒരു ജീവിതത്തെ തന്നെ മാറ്റിമറിക്കാന്‍ ഉതകുന്ന കാഴ്ച സ്വന്തം ജീവിതത്തിലൂടെ കാണുകയായിരുന്നു പയസ്സും,മറീനയും..

വീട്ടിലെ കോലായില്‍ വെറും നിലത്തു കിടക്കുകയായിരുന്നു പയസ്സ്.വലിച്ച് കഴിയുന്തോറും വീണ്ടും  പുതിയ സിഗരറ്റിനു തീ കൊളുത്തി കൊണ്ട്..
അമ്മച്ചി വന്നു അടുത്തിരുന്നത് പയസ്സ് അറിഞ്ഞില്ല.അവന്‍ വേറേതോ ലോകത്തായിരുന്നു.വലിച്ചൂതി വിടുന്ന പുകച്ചുരുളുകള്‍ക്കൊപ്പം അലയുന്ന മനസ്സ്..
"മോനെ..."രുക്ക വിളിച്ചു.പയസ്സ് എണീറ്റിരുന്നു സിഗരട്ട് കുത്തി കെടുത്തി.അമ്മയുടെ നേര്‍ക്ക്‌ നോട്ടമിട്ടിരുന്നു.ആകെയുള്ള ആണ്തരിയുടെ ആ അവസ്ഥയില്‍ രുക്ക വളരെയേറെ വിഷമിച്ചു."മോനെ,നമ്മുടെ മേരിയുടെ കെട്ടിയോന്‍ ജയിംസ് നിനക്കൊരു വിസ സംഘടിപ്പിച്ചു തരാമെന്നു ഏറ്റിട്ടുണ്ട്,ദുബായിലേക്ക്.."
പയസ്സ് മൂളിക്കേട്ടു..ഒരു മാറ്റം  അനിവാര്യമാണെന്ന് അവനും  അറിയാമായിരുന്നു.


അധികം താമസിയാതെ പയസ്സിനായുള്ള വിസ എത്തി.ജീവിതത്തിനെ പുത്തന്‍ പരീക്ഷണങ്ങളിലേക്ക് പയസ്സ് യാത്രയ്ക്കൊരുങ്ങി.അധികം ആരോടും യാത്ര ചോദിക്കാതൊരു യാത്ര..ഏഴാം കടലിന്നക്കരെക്ക്...               
(തുടരും)                                                 

Tuesday, 7 December 2010

ജീവിതഗാഥ-5


ഗ്രാമത്തിലെ നാലുംകൂടിയ കവലയിലെ 'ഹോട്ടല്‍രാജുവില്‍' പതിവിലേറെ ആള്‍ക്കാര്‍..കൃശഗാത്രനായ രാജു സമാവറില്‍ നിന്നെടുത്ത ചൂട് ചായ ഗ്ലാസ്സുകളിലേക്ക്  വീശിയൊഴിക്കുന്ന തിരക്കിലാണ്.
''ഡാ..ജോബിയെ..വല്യ വീട്ടിലെ പയസ് ലോറി വാങ്ങിച്ചത് അറിഞ്ഞില്ലേ?''
''കാശ് ഉള്ളോരു അങ്ങനെ പലതും മേടിക്കും അങ്ങിനെ അല്ലിയോ ജോസച്ചായാ?''
"ഉം...പിന്നെ..അവന്റെ അപ്പന്‍ അബ്രഹാമായിട്ടു   സമ്പാദിച്ചു വെച്ചതൊക്കെ മുടിയനായ ഇവന്‍ വിറ്റുതുലയ്ക്കുമെന്നാ  തോന്നുന്നേ.."
"അത് ശെരിയാ ഇന്നാളു കണ്ടപ്പം കുന്നുമ്പുറത്തെ കശുവണ്ടി തോട്ടം വില്‍ക്കാനുണ്ട്,പറ്റിയ ആളുണ്ടെല്‍ പറയണമെന്നും പയസ്സ് പറഞ്ഞതായി നമ്മുടെ അവറാച്ചന്‍ പറഞ്ഞു.."
അങ്ങേതിലെ ജോസും,വാഴ വളപ്പിലെ ജോബിയും,പയസ്സിന്റെ കാര്യം ആയിരുന്നു അന്നത്തെ സായാഹ്ന സംസാര വിഷയമാക്കിയത്.കേട്ടിരിക്കാന്‍ രാജുവിന്റെ പതിവ് കസ്റ്റമേസ് എല്ലാവരും  ഉണ്ടായിരുന്നു.


പയസ്സ് ലോറി വാങ്ങുകയും,പയസ്സിന്റെ സുഹൃത്തുക്കളില്‍  ഒരാളായ ഉമ്മറിനെ ഡ്രൈവറായി നിയമിക്കുകയും ചെയ്തു.പണയില്‍ നിന്നു കല്ല് കടത്തുന്ന ജോലി പയസ്സിന്റെ ലോറി ചെയ്തു കൊണ്ടിരിക്കെ, പയസ്സിനു ലോറി ഡ്രൈവിംഗ് പഠിക്കാനുള്ള മോഹം കലശലായി.ഉമ്മര്‍ പഠിപ്പിക്കാമെന്നേറ്റു.ഒരു ദിവസം പണി കഴിഞ്ഞു വന്ന ഉമ്മരെയും  കൂട്ടി പയസ്സ് ലോറി ഓട്ടം പഠിക്കാന്‍ ഇറങ്ങി.


അത്യാവശ്യം വെള്ളമടിച്ചു ഫിറ്റായ ഉമ്മര്‍ വളയം പയസ്സിനെ ഏല്‍പ്പിച്ചു ഉറക്കം തൂങ്ങാന്‍തുടങ്ങി.
റെയില്‍വേ സ്റ്റേഷനരികിലെ ആല്‍മരത്തിന്‍അരികിലെത്തിയപ്പോള്‍    എതിരെ ഒരു ഓട്ടോറിക്ഷ വരുന്നത് കണ്ട   പയസ്സ് ബ്രേക്കിനായി പരതി.ആക്സിലരേട്ടരില്‍     കാല്‍ അമര്‍ന്നു.''ഉമ്മരെ,എവിടാടോ ബ്രേക്ക്? എങ്ങനാടോ ഇതൊന്നു നിര്‍ത്താ? ''
പയസ്സിന്റെ ചോദ്യം കേട്ടു തലയുയര്‍ത്തിയ ഉമ്മര്‍ കണ്ടത്  ഓട്ടോറിക്ഷയിലേക്ക് പാഞ്ഞു  കയറിയ ലോറി  നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുന്നതാണ്.


ആനി സ്കൂളില്‍ നിന്നും വന്നപ്പോള്‍ പിന്നാമ്പുറത്തെ വരാന്തയിലിരുന്നു കണ്ണീര്‍ വാര്‍ക്കുന്ന മറീനയെയാണ് കണ്ടത്.
"എന്താ നാത്തൂനേ,എന്നതാ  പറ്റിയത്.." ആനി ചോദിച്ചു.
മറീന മൂക്കുപിഴിഞ്ഞു കൊണ്ടു കരച്ചില്‍ തുടര്ന്നതല്ലാതെ ഒന്നും മിണ്ടിയില്ല.
ആനി പുസ്തക കെട്ടുകള്‍ അകത്തെ മുറിയില്‍ കൊണ്ടു വെച്ചു അമ്മച്ചിയുടെ അരികിലേക്ക് നടന്നു.രുക്ക കട്ടിലില്‍ കിടക്കുകയായിരുന്നു..അരികില്‍ മേരിയുമുണ്ട്.
ആനി വരുന്നത് കണ്ടു മേരി അമ്മച്ചിക്കരികില്‍ നിന്നെഴുന്നേറ്റു."പയസിച്ചായന്റെ വണ്ടി മറിഞ്ഞു.."മുഖവുരയില്ലാതെ മേരി പറഞ്ഞത് കേട്ടു ആനി നടുങ്ങി.
" ഇച്ചായന്  വല്ലതും പറ്റിയോ അമ്മച്ചീന്നു" ചോദിച്ചു കൊണ്ട്  ആനി രുക്കയുടെ ദേഹത്തേക്ക് വീണു.ആനിയെ  പിടിച്ചു അവര്‍ പതുക്കെ എഴുന്നേറ്റിരുന്നു.


പയസ്സിനും,ഉമ്മറിനും കാര്യമായ പരിക്കുകള്‍ ഒന്നും സംഭവിച്ചില്ലായിരുന്നു.എന്നാല്‍
ഓട്ടോയില്‍ സഞ്ചരിച്ച യുവതിയും,ഓട്ടോ ഡ്രൈവറും ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.യുവതി ആ നാട്ടിലെ ആശുപത്രിയിലെ നഴ്സായിരുന്നു.പയസിന്റെ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. കേസും കോടതിയുമായി മാസങ്ങള്‍ നീങ്ങി.അവസാനം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് വലിയ തുക പിഴ അടയ്ക്കാന്‍ കോടതി വിധിച്ചു.പയസ് ലോറി വിറ്റു.ആ തുക നല്‍കി.


വീണ്ടും ചില ബിസിനസ്സുകള്‍ തുടങ്ങിയെങ്കിലും എല്ലാം പകുതിയില്‍ നിന്നു.ആയിടക്കു മറീനയുടെ വീട്ടുകാരുമായും പയസ്സിനു പിണങ്ങേണ്ടി വന്നു.
മറീന മാനസികമായി വളരെയേറെ വിഷമത്തിലായി.ഏതൊരു പെണ്‍കുട്ടിയെയും പോലെ അവളും തന്റെ വീട്ടുകാരെ വളരെ ഏറെ സ്നേഹിച്ചിരുന്നു.മറീനയുടെ
ജോസിച്ചായന്റെ മകളുടെ കല്യാണം ആയപ്പോള്‍ മറീന വീട്ടിലേക്കു പോവാന്‍ പയസ്സിന്റെ അനുവാദം ചോദിച്ചു."പോകുന്നെങ്കില്‍ പോയിക്കോള്..പിന്നെ ഇങ്ങോട്ടേക്കു വരേണ്ട "എന്നാണു പയസ്സ് മറുപടി നല്‍കിയത്.അപ്പോള്‍ തന്നെ വീട്ടില്‍ നിന്നു ഇറങ്ങി പോവുകയും ചെയ്തു.
രണ്ടുനാള്‍ പയസ്സ് വീട്ടിലേക്കു വന്നില്ല.മറീനയുടെ വിഷമം   കണ്ടു  രുക്ക അവളോട്‌  കല്യാണം കൂടാന്‍ പറഞ്ഞു..  "അവനെ  ഞാന്‍ പറഞ്ഞു മനസ്സിലാക്കിക്കോളാം..മോള്‍ പോയിക്കോള്" എന്ന് രുക്ക പറഞ്ഞപ്പോള്‍  അവള്‍ക്കു   സന്തോഷമായി.
കല്യാണം കഴിഞ്ഞു രണ്ടു ദിവസമായിട്ടും പയസ്സ് തന്നെ അന്വേഷിച്ചു വരാത്തതില്‍ മറീന അപകടം മണത്തു.
അവള്‍ മകനെയും കൂട്ടി പയസ്സിന്റെ വീട്ടിലേക്കു പുറപ്പെട്ടു.വലിയ വീട്ടില്‍ എത്തിയപ്പോള്‍ പയസ്സ് വീട്ടിലുണ്ടായിരുന്നില്ല.രുക്ക ആകെ ക്ഷീണിതയായി കാണപ്പെട്ടു."അമ്മച്ചീ പയസിച്ചായന്‍?" മറീനായുടെ വേവലാതിപൂണ്ട ചോദ്യം കേട്ടു രുക്ക ഒരു നിമിഷം അവളെ നോക്കി നിന്നു.എന്നിട്ട് പറഞ്ഞു"മോളെ..അവന്‍ വല്ലാത്ത ദേഷ്യത്തിലാ..നീ ഒരുമ്പെട്ടു  പോയതാന്നാ  അവന്‍ പറയുന്നത്,ഞാനെത്ര പറഞ്ഞിട്ടും അവനു മനസ്സിലാകുന്നില്ല...അമ്മച്ചി അവളുടെ സൈഡില്‍ നിന്നു എന്നെ കൊച്ചാക്കി എന്നാ അവന്‍ പറയുന്നേ..".രുക്ക പറഞ്ഞു കഴിയുമ്പോഴേക്കും പയസ്സ് അവിടെ എത്തി.അവന്‍ മറീനയെ ക്രുദ്ധനായി  നോക്കി."ഇപ്പോള്‍ ഇവിടെ നിന്നിറങ്ങി കൊള്ളണം..".പയസ്സ് പറഞ്ഞത് കേട്ടു മറീന ഞെട്ടി. പയസ്സിന്റെ വാക്കുകള്‍ കേട്ടു രുക്കയും,ആനിയും പകച്ചു.അവരുടെ വിലക്കുകളെ വക വെയ്ക്കാതെ പയസ്സ് മറീനയെ അവളുടെ വീട്ടില്‍ കൊണ്ടു ചെന്നാക്കി.(തുടരും) 

Monday, 29 November 2010

ജീവിത ഗാഥ-4ജീവിത ഗാഥ-4

അവശനായി   കിടക്കുന്ന   അബ്രാഹാമിനോടും,പരിഭ്രമിച്ചിരിക്കുന്ന  രുക്കയോടും എന്ത് പറയണമെന്നറിയാതെ ജോസഫ് പതറി.
അയാളുടെ വിഹ്വലമായ മുഖം ഏതോ വിപത്തിനെയാണ് സൂചിപ്പിക്കുന്നതെന്ന് രുക്കയ്ക്ക് തോന്നി.
ആ സമയം രുക്കയുടെ മൂത്തമകള്‍ അലമുറയിട്ടു കരഞ്ഞു കൊണ്ട് അവിടെ എത്തി.''അമ്മച്ചീ....നമ്മടെ പയസിന്റെ മോള്‍...'' മേരി ഏങ്ങലടിച്ചു. ''എന്നതാടീ നമ്മടെ വാവയ്ക്ക്..ടെസ്സിന് എന്നാ പറ്റിയെന്നാ?'
മേരിയെ പിടിച്ചു കുലുക്കി കൊണ്ട് രുക്ക ചോദിച്ചു.

ഒന്നും പറയാനാവാതെ വിതുമ്പുന്ന മകളെ കണ്ടു അബ്രഹാം       ജോസഫിന്റെ  കൈകള്‍  പിടിച്ചു  കൊണ്ട് പറഞ്ഞു.
'' ജോസഫേ എന്താണ്ടായിത്...ആധിപിടിപ്പിക്കാതെ പറ!''
''ഒരു കൈപ്പിഴ പറ്റി ..പന്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന വാവ പറമ്പിലേക്ക് ഇറങ്ങിയത്‌ ഞങ്ങള്‍ ആരുടേയും  കണ്ണില്‍ പെട്ടില്ല..കുഞ്ഞു കാല്‍ വഴുതി   തൊടിയിലെ കുളത്തില്‍ വീണു...
അമ്മച്ചി ചെന്നെടുക്കുമ്പോഴേക്കും.......ഇത്രയും പറഞ്ഞു അയാള്‍ തലകുനിച്ചു. എന്റീശോയേ...........ആര്‍ത്തനാദത്തോടെ     രുക്ക പിറകിലേക്ക് മറിഞ്ഞു.. മേരി അമ്മച്ചിയെ താങ്ങി.
                                ******************************************    
ശവമടക്ക് കഴിഞ്ഞു ഓരോരുത്തരായി പിരിഞ്ഞു.കുഴിമാടത്തില്‍ വീണു കരയുന്ന മെറീനയെയും,അവളെ കെട്ടിപ്പിടിച്ചു തേങ്ങുന്ന രുക്കയെയും എഴുന്നേല്‍പ്പിക്കുന്ന പയസിനെ നോക്കി അബ്രഹാം ഉള്ളുരുകി കരഞ്ഞു.പയസ് ഇതെങ്ങിനെ താങ്ങുമെന്ന് അയാള്‍ക്കോര്‍ക്കാനെ കഴിഞ്ഞില്ല.ടെസ്സിന്റെ അപമ്രിത്യുവിന് ശേഷം പയസ് ബോംബെയിലേക്ക് പോകുന്നത് താല്‍കാലികമായി നിര്‍ത്തി.മറീനയുടെ ആങ്ങളയെ കടകള്‍    നോക്കിനടത്താന്‍ ഏല്‍പ്പിച്ചു.മറീനയ്ക്ക് പയസ്സിന്റെ സാമീപ്യം ഒട്ടേറെ ആശ്വാസം നല്‍കി.പതിയെ എല്ലാവരും യാഥാര്‍ത്യത്തിന്റെ ലോകത്തേക്ക് മടങ്ങി.
മറീന ഒരു ആണ്‍കുഞ്ഞിനു കൂടി  ജന്മം നല്‍കിയതോടെ  അവളുടെ പഴയ കളിചിരികള്‍ തിരിച്ചു വന്നു.എങ്കിലും എല്ലാവരുടെയും മനസ്സില്‍ ഒരിക്കലും മായാത്ത നീറ്റലായി ടെസ്സ് ഉറങ്ങി കിടന്നു.

പയസ്സിന്റെ ബോംബയിലേക്കുള്ള യാത്രകള്‍ കുറഞ്ഞതോടെ കടകള്‍ പൂര്‍ണ്ണമായും
മറീനയുടെ ആങ്ങളമാരുടെ അധികാരത്തിലേക്ക് മാറി.പയസ്സിനാവട്ടെ അതിലൊന്നും വലിയ താല്‍പര്യവും ഇല്ലായിരുന്നു.മകന്‍ അലസതയുടെ കൂട്ടുകാരനാവുകയാനെന്നു മനസ്സിലാക്കിയ അബ്രഹാം കുറെ ഉപദേശ നിര്‍ദേശങ്ങള്‍  മകന് നല്‍കിയെങ്കിലും പയസ്സ് അതൊന്നും ചെവി കൊണ്ടില്ല.

ഒരു നൊയമ്പ് കാലത്തെ രാത്രിയില്‍ അബ്രഹാമിന് അസുഖം വര്‍ധിച്ചു.ഒരു രാത്രി മുഴുവനും മരണത്തോട് മല്ലിട്ട എബ്രഹാം വെളുപ്പാന്‍ കാലത്ത് അന്ത്യശ്വാസം വലിച്ചു. മരണ സമയത്ത്  രുക്കയും, പെണ്മക്കളും അപ്പന്റെ അരികത്തു തന്നെ ഉണ്ടായിരുന്നു.ജീവിതത്തിന്റെ പാതിവഴിയില്‍ രുക്ക വിധവാ വേഷം അണിയേണ്ടി വന്നു.'എന്നെയും മക്കളെയും തനിച്ചാക്കി പോയല്ലോ; എന്ന് പതം പറഞ്ഞു കരയുംപോളും എന്തോ രുക്കയുടെ കണ്ണുകളിലൂടെ കണ്ണുനീര്‍ ഒഴുകിയിറങ്ങിയില്ല.
ജീവിതാനുഭവങ്ങള്‍ രുക്കയെ കണ്ണീര്‍ വറ്റിയ സ്ത്രീയായി തീര്‍ത്തിരുന്നു.

അബ്രഹാമിന്റെ മരണം ആ വീടിനെ നാഥനില്ലാത്ത കളരിയാക്കി മാറ്റി.തന്റെ അലംഭാവം മൂലം ബോംബയിലെ കടകള്‍ അന്വാധീനപ്പെട്ടു തുടങ്ങുന്നെന്നു മനസ്സിലാക്കിയ പയസ് കടകള്‍ വിറ്റു. ഒരു സ്നേഹിതന്റെ നിര്‍ദേശപ്രകാരം ലോറി
വാങ്ങാന്‍ തീരുമാനിച്ചു.ആ നാട്ടില്‍ ചുരുക്കം ചിലര്‍ക്കെ സ്വന്തമായി വാഹനങ്ങള്‍ ഉണ്ടായിരുന്നുള്ളൂ...പയസ് ലോറി വാങ്ങിച്ചപ്പോള്‍ നാട്ടില്‍ അതൊരു സംസാര വിഷയമായി.(തുടരും!)