Followers

Sunday 22 May 2011

ജീവിത ഗാഥ 10


ആനിയുടെ മിന്നുകെട്ട് വലിയ ബഹളമില്ലാതെ പള്ളിയില്‍ വെച്ചു നടന്നു.അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങ്.ആനി തീര്‍ത്തും സന്തോഷവതിയായിരുന്നു.പയസ്സിനു അവളോട്‌ സങ്കടം തോന്നി..' തന്റെ പാവം പെങ്ങള്‍..' അവന്റെ ആത്മഗദം അല്പം ഉറക്കെയായോ എന്തോ ആനി തോമസിനോടൊപ്പം ഇരിക്കുന്നിടത് നിന്നു തിരിഞ്ഞ് നോക്കി.പയസ്സ് പെട്ടെന്ന് അവളുടെ അടുത്തേക്ക് ചെന്നു.പറയാന്‍ ഒട്ടനവധി കാര്യങ്ങള്‍ തികട്ടി വന്നെങ്കിലും അവളുടെ കവിളുകള്‍ തഴുകി തലയില്‍ കൈവെച്ചു അനുഗ്രഹിക്കാനെ പയസ്സിനു കഴിഞ്ഞുള്ളു..

വര്‍ഗീസിച്ചായന്‍ വന്നു വിളിച്ചപ്പോള്‍ അവന്‍ പുറത്തേക്കു നടന്നു..
''പയസ്സെ സംഗതി പ്രേമ കല്യാണം ആണേലും ആ വര്‍ക്കി ചോദിച്ചിരിക്കുന്നത് സ്ത്രീധനമായി വീടും പറമ്പും തരണം എന്നാ..ഒരു വര്‍ഷത്തിനുള്ളില്‍ എഴുതി കൊടുത്താല്‍ മതി എന്നാണു നിബന്തന..''
''ഉം...''  പയസ്സ് മൂളി.
''അമ്മച്ചിക്ക് അവരുടെ കൂടെ ജീവിക്കാം എന്ന് കൂടി പ്രമാണത്തില്‍ എഴുതി ചേര്‍ക്കണം.. വയസ്സ് കാലത്ത് അവര്‍ക്ക് വീട് വിടേണ്ട ഗതികേട് ഉണ്ടാക്കരുത്..''
''ഉം..'' പയസ്സ് വീണ്ടും മൂളലില്‍ മറുപടി ഒതുക്കി.

അവന്‍ അമ്മച്ചിയെ നോക്കി.മേരിമ്മയുടെ മകള്‍ ജെസ്സിയുടെ കൈകള്‍ പിടിച്ചു പള്ളി അങ്കണത്തില്‍ നില്‍ക്കുകയാണ്..
അധികം സന്തോഷം ആ മുഖത്ത് കാണാനില്ല.കാരണം പയസ്സിനറിയാം.മറീനയെയും,വീട്ടുകാരെയും വിവാഹത്തിന് ക്ഷണിച്ചതാണ്..അവരാരും വന്നില്ല.മറീന അവള്‍ക്കെങ്കിലും വരാമായിരുന്നു..പെണ്ണ് ആണിന്റെ മുന്നില്‍ ഒന്ന് തോറ്റു കൊടുക്കുന്നതില്‍ ഒരു തെറ്റുമില്ല.ആങ്ങളമാരുടെ തടങ്കലില്‍ ആയാലും വേണമെങ്കില്‍ അത് ഭേദിച്ച് അവള്‍ക്കു പുറത്തു വരാമായിരുന്നു.പയസ്സിന്റെ മനസ്സില്‍ ഒറ്റദിനം കൊണ്ടു അമര്‍ഷമായി.
അമര്‍ഷവും,വിദ്വേഷവും ഒക്കെ കൂടി തലപെരുക്കുന്നത് പോലെ അവനു തോന്നി.പിന്നീട് നടന്ന ചടങ്ങുകളിലെല്ലാം യാന്ത്രികമായാണ് അവന്‍ പങ്കെടുത്തത്.
തൊടിയിലെ മാവുകളിലെ ഇലകള്‍ തളിര്‍ക്കുകയും,മാമ്പൂക്കള്‍ നിറയുകയും, കണ്ണിമാങ്ങകള്‍ നിറഞ്ഞു,അവ വലുതായി മാമ്പഴങ്ങളായി രൂപാന്തരം പ്രാപിക്കുകയും ചെയ്തു.പയസ്സിനു ചെയ്യാന്‍ കാര്യമായ ജോലികളൊന്നും തന്നെയില്ലായിരുന്നു.അവന്‍ ദിനേശ് ബീഡിയും,വലിച്ച് 'മ' വാരികകള്‍ വായിച്ചു സമയം കൊല്ലി.കൃത്യ സമയത്ത് രുക്ക വെച്ചു വിളമ്പുന്ന ആഹാരം കഴിച്ചു.

അയാളുടെ ചടച്ച ജീവിതത്തില്‍ അനുതാപം തോന്നിയ ഒരു സുഹൃത്ത് ഇടയ്ക്കിടെ തന്റെ എസ്റ്റെറ്റിലേക്കുള്ള യാത്രയില്‍ പയസ്സിനെയും ഭാഗഭാക്കാക്കി.മഞ്ഞണിഞ്ഞ താഴ്വരയും,വെള്ളാരം കല്ലുകള്‍ നിറഞ്ഞ അരുവിയും,റബര്‍ മരങ്ങളുടെ കമനീയതയും നിറഞ്ഞ ആ സ്ഥലം പയസ്സിനെ ഉന്മേഷവാനാക്കി.പയസ്സിന്റെ സുഹൃത്തായ യോഹന്നാന്റെ കുടുംബ സ്വത്തായിരുന്നു ആ റബര്‍ തോട്ടം..അവിടത്തെ പണികള്‍ എടുപ്പിക്കുന്ന വറീത് ചേട്ടന് പയസ്സിനെ വലിയ കാര്യമായിരുന്നു.അയാള്‍ക്ക് തന്റെ മകളെ കൊണ്ടു പയ്സ്സിനെ കല്യാണം കഴിപ്പിക്കണം എന്ന് തോന്നി.രണ്ടാം കെട്ട് ആണെന്നതൊന്നും അയാള്‍ക്ക്‌ ഒരു പ്രശ്നമായിരുന്നില്ല.പുരനിറഞ്ഞു നില്‍ക്കുകയാണ് രണ്ടു പെണ്മക്കള്‍.റാണിയും,സവേരിയായും..
വറീതിന്റെ വീട്ടിലായിരുന്നു പയസ്സിനും,യോഹന്നാനും ഭക്ഷണം ഒരുക്കിയിരുന്നത്.റാണി ആണ് മിക്കപ്പോഴും അവര്‍ക്ക് വിളംബികൊടുക്കുന്നത്.അവളുടെ നീണ്ട കണ്പീലികള്‍ ഉള്ള നീല കണ്ണുകള്‍ പയസ്സിന്റെ ഹൃദയത്തില്‍ കിടന്നു പിടയ്ക്കാന്‍ തുടങ്ങിയത് വളരെ പെട്ടെന്നായിരുന്നു.

മറീനയുമായുള്ള ബന്ധം വേര്‍പ്പെട്ത്താതെ നാട്ടുകാരും,വീട്ടുകാരും അറിയാതെ പയസ്സ് റാണിയെ മിന്നു കെട്ടി.റാണിയെ സ്നേഹിക്കുമ്പോഴും പയസ്സിന്റെ മനസ്സിനകത്ത് വേരറക്കാനാവാതെ ആദ്യ ഭാര്യയോടുള്ള പ്രണയം നെരിപ്പോടായി എരിയുന്നുണ്ടായിരുന്നു.ഒന്നും ആരില്‍ നിന്നും അധികനാള്‍ ഒളിപ്പിക്കനാവില്ലല്ലോ..പയസ്സ് വീണ്ടും കല്യാണം കഴിച്ചെന്ന വാര്‍ത്ത നാട്ടില്‍ പാട്ടായി.നാട്ടുകാരുടെ വായില്‍ നിന്നും കേള്‍ക്കേണ്ടി വന്ന ഈ വാര്‍ത്തയില്‍ രുക്കയും,പെണ്മക്കളും വ്യാകുലപ്പെട്ടു.
 
 
 
ആനിയ്ക്കായിരുന്നു വലിയ സങ്കടം'' എന്നാലും ഇച്ചായന്‍ ഇത് ചെയ്തല്ലോ.. നമ്മളൊക്കെ ഇച്ചായന്റെ ആരാ അമ്മച്ചീ..'' എങ്ങിനെ ഭര്‍തൃ വീട്ടുകാരുടെ മുഖത്ത് നോക്കും എന്നൊക്കെയായിരുന്നു അവളുടെ സങ്കടം . അന്തിമമായ ഒരു തീരുമാനം രുക്ക തന്നെ എടുത്തു.''അവനൊരു ആണല്ലേ എത്രനാള്‍ ഇങ്ങനെ ഒറ്റപ്പെട്ടു കഴിയും? കെട്ടിയ സ്ഥിതിക്ക് ഇനി കൂടെ പൊറുപ്പിച്ചോട്ടേ..'' അമ്മയുടെ ഭാവപകര്ച്ചയില്ലാത്ത മുഖം കണ്ടു അത്ഭുതത്തോടെ ഇരുന്നു മേരി.