Followers

Saturday, 25 December 2010

ജീവിത ഗാഥ-7

വിമാനത്തിന്റെ ശീതളിമയില്‍ ഇരിക്കുമ്പോള്‍ പയസിന്റെ മനസ്സില്‍ വിതുമ്പി കരയുന്ന റോഷന്റെ മുഖമായിരുന്നു.റോഷന്റെ കരച്ചിലില്‍ മറീനയെ  ആണ് കണ്ടത്.അമ്മച്ചിയും കരച്ചിലടക്കാന്‍ പാടുപെട്ടു.മേരിമ്മയും,ആനിയും കരഞ്ഞു കൊണ്ടു തന്നെ യാത്ര അയച്ചു.ഓര്‍മ്മകളില്‍ തേങ്ങുന്ന മനസ്സിനെ അടക്കാന്‍ പണിപ്പെട്ടു പരാജയപ്പെട്ട പയസ്സിന്റെ കണ്ണുനീര്‍ തീര്‍ത്ത മറയില്‍ ആകാശത്തിലെ വെള്ളിമേഘങ്ങള്‍ തെന്നി നീങ്ങുന്ന കാഴ്ച മങ്ങിമങ്ങി വന്നു.

ചെറിയൊരു സീല്‍ക്കാരത്തോടെ വിമാനം ദുബായ് എയര്‍ പോര്‍ട്ടില്‍ ലാണ്ട് ചെയ്തപ്പോഴാണ് പയസ്സ് ഞെട്ടി ഉണര്‍ന്നത്.വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ക്കിടയില്‍ എപ്പോഴോ അയാളെ ഉറക്കം ഗ്രസിച്ചിരുന്നു.എയര്‍ പോര്‍ട്ടിലെ പരിശോധനകള്‍ കഴിഞ്ഞു ലഗ്ഗേജും എടുത്ത് പുറത്തെത്തിയപ്പോള്‍ മേരിയുടെ ഭര്‍ത്താവ് ജോസഫിന്റെ അളിയന്‍ ആല്‍ബര്‍ട്ട് ചിരിയോടെ കാത്തിരിക്കുന്നുണ്ടായിരുന്നു.
വെളുത്ത് തടിച്ചു അല്പം കുടവയറുള്ള മധ്യവയസ്കന്‍ ആയിരുന്നു ആല്‍ബര്‍ട്ട്.ആല്‍ബര്‍ട്ട് വന്നു പയസ്സിന്റെ കയ്യിലുണ്ടായിരുന്ന ബാഗ് വാങ്ങി;മറുകൈ പയസ്സിന്റെ തോളിലേക്കിട്ടു തന്റെ പിക്കപ്പ് പാര്‍ക്ക് ചെയ്തിടത്തേക്ക്   നടന്നു.നാട്ടു വിശേഷങ്ങള്‍ ചോദിച്ചു കൊണ്ടു അനായാസേന അയാള്‍ വാഹനം വളച്ചും,തിരിച്ചും ഓടിച്ചു കൊണ്ടേയിരുന്നു.പയസ്സ് ദുബായ് നഗരം കൌതുകത്തോടെ നോക്കി കണ്ട്.അല്‍പ സമയത്തേക്ക് അയാള്‍ നാടും,വീടും മറന്നു.ഏകദേശം അരമണിക്കൂറിനു ശേഷം ഇടുങ്ങിയ തെരുവിലൂടെ പിക്കപ്പ് ഒരു കടയുടെ മുന്നിലെത്തി നിന്നു."ഇതാണ് ഷാര്‍ജ.ഇവിടെയാണ്‌ എന്‍റെ ഗ്രോസറി."വരൂ.." ആല്‍ബര്‍ട്ട് പയസ്സോടായി പറഞ്ഞു വണ്ടിയില്‍ നിന്നിറങ്ങി.പയസ്സ് ബാഗുമെടുത്ത് ഇറങ്ങി,ആല്‍ബര്‍ട്ടിനു പുറകെ കടയിലേക്ക് നടന്നു.ആല്‍ബര്‍ട്ട് കയറി ചെന്നപ്പോള്‍ അവിടെ ഉണ്ടായിരുന്ന ബംഗാളി യുവാവ് പൊടുന്നനെ എണീറ്റു മാറി  നിന്നു.ആല്‍ബര്‍ട്ട് ഒരു തണുത്ത പെപ്സി ടിന്നെടുത്ത് പയസ്സിനു കൊടുത്തു.ഒരു ചെയര്‍ എടുത്തു കൊടുത്ത് പയസ്സിനോട് ഇരിക്കാന്‍ പറഞ്ഞു.എന്നിട്ട് ബംഗാളിയോടായി ഹിന്ദിയില്‍  പറഞ്ഞു"ബികോഷ്..ഇതാണ് ഞാന്‍ പറഞ്ഞ ആള്‍..ഇനി ഈ കട നോക്കി നടത്തുന്നത് പയസ്സാണ്..എല്ലാം പറഞ്ഞു മനസ്സിലാക്കി കൊടുക്കണം.."
"ടീക്കെ..അര്‍ബാബ്.." ബികോഷ് ഭവ്യതയോടെ പറഞ്ഞു.
ആല്‍ബര്‍ട്ട് പയസ്സിനെയും കൂട്ടി കടയുടെ അകത്തുനിന്നും മുകളിലേക്കുള്ള കോവണി കയറി.അവിടം ഒരു ചെറിയ ഗോഡൌണ്‍ പോലെ തോന്നിച്ചു.പ്ലേവുഡ് ഉപയോഗിച്ച് വേര്തിര്‍ച്ച ഒരു കിടപ്പ് മുറിയും,ചെറിയ ഒരു അടുക്കളയും,അതിനടുത്തായി ഒരു ടോയിലെറ്റും ഉണ്ടായിരുന്നു.മുറിയില്‍ രണ്ടു കട്ടിലുകള്‍ ഉണ്ടായിരുന്നു.അതിലൊന്ന് ചൂണ്ടി ആല്‍ബര്‍ട്ട് പറഞ്ഞു."ഇതാണ് പയസിന്റെ കട്ടില്‍.ഒന്ന് കുളിച്ചു ഫ്രെഷായി വരൂ..നമുക്കെന്റെ റൂമിലേക്ക്‌ പോകാം".

പയസ്സ് ബാഗ് തുറന്നു മാറി ധരിക്കാനുള്ള വസ്ത്രങ്ങള്‍ എടുത്ത് കുളിമുറിയിലേക്ക് നടന്നു.ടാപ്പ് തുറന്നു കയ്യും,മുഖവും കഴുകി.വെള്ളത്തിന്‌ നല്ല ചൂടായിരുന്നു.ചൂട് വെള്ളത്തിലുള്ള കുളി പയസ്സിനെ ഉന്മേഷവാനാക്കി.കുളി കഴിഞ്ഞു പുറത്തേക്കു വന്നപ്പോള്‍ ആല്‍ബര്‍ട്ടിനെ കണ്ടില്ല.പയസ്സ് കോണിപ്പടികള്‍ ഇറങ്ങി താഴെ കടയിലേക്ക് ചെന്നു.
ആല്‍ബര്‍ട്ട് ഒരു കൌമാരക്കാരനെ ഉറക്കെ ശകാരിക്കുന്നു.അവന്‍ പേടിച്ചു വിളറിയിരിക്കുന്നു.കടയിലെ സാധനങ്ങള്‍ ഡെലിവറി ചെയ്യുന്ന മലയാളി പയ്യനായിരുന്നു അവന്‍.സാധനങ്ങളുമായി  പോയി തിരികെ എത്താന്‍ വൈകിയെന്നു ബികോഷ് ആല്‍ബര്ട്ടോട് പറഞ്ഞതാണ് പയ്യന് വഴക്ക് കേള്‍ക്കേണ്ടി വന്നത്.വഴിയില്‍ അവന്റെ സമ പ്രായത്തിലുള്ള കുട്ടികള്‍ ഫുട്ബോള്‍ കളിക്കുന്നത്  കണ്ട് നോക്കി നിന്നു പോയി,മുതലാളി കടയിലുണ്ടാകുമെന്നു തീരെ കരുതിയിരുന്നില്ല.ബികോഷ് കിട്ടിയ തക്കം മുതലാക്കുകയും ചെയ്തു.അവന്‍ തല കുനിച്ചു നിന്നു.
പയസ്സ് വരുന്നത് കണ്ട് ആല്‍ബര്‍ട്ട് പെട്ടെന്ന് മുഖത്തെ കോപം മാറ്റി.പയസ്സിനെയും കൂട്ടി വണ്ടിയിലേക്ക്  നടന്നു.അപ്പോഴേക്കും അന്തിച്ചോപ്പ്‌ പരന്നിരുന്നു.

ആല്‍ബര്‍ട്ടിന് ദുബായ് മുനിസിപ്പാലിറ്റിയില്‍ ആണ് ജോലി.മോശമില്ലാത്ത സാലറിയും,അക്കൊമഡേഷനും  ഉണ്ട്.സൈഡ് ബിസിനെസ്സായി ഈ ഗ്രോസറിയും നടത്തുന്നു.നാട്ടിലെ വലിയ സമ്പന്നന്‍..
ആല്‍ബര്‍ട്ടിന് ബികോഷിനെ അത്ര വിശ്വാസം പോര..താനില്ലാത്തപ്പോള്‍ അയാള്‍ പലകള്ളതരങ്ങളും നടത്തുന്ന പോലെ..വിശ്വസ്തനായ ഒരാളെ വേണമെന്ന് കരുതിയിരിക്കുമ്പോഴാണ്  ജോസഫ് പയസ്സിന്റെ കാര്യം പറഞ്ഞത്.ബോംബെയില്‍ പയസ്സിന്റെ ബിസിനെസ്സ് നടത്തിപ്പുകള്‍ വിജയമായിരുന്നെന്ന്‍ അറിഞ്ഞപ്പോള്‍  ആല്‍ബര്‍ട്ട് മറ്റൊന്നും നോക്കിയില്ല.അങ്ങനെയാണ് പയസ്സിനെ കൊണ്ടു വരുന്നത്.

ഒരു വലിയ ബില്‍ഡിങ്ങിനു മുന്നിലെത്തി പിക്കപ്പ് നിന്നു.ആല്‍ബര്‍ട്ടിന്റെ താമസ സ്ഥലം.രണ്ടാം നിലയിലേക്ക് സ്ട്ടയര്‍  കൈസ് കയറി.ആല്‍ബര്‍ട്ടിന്റെ മുറി വിശാലമായിരുന്നു.അതില്‍ അഞ്ചു കട്ടിലുകള്‍ കാണപ്പെട്ടു.ഒരു വലിയ അടുക്കളയിലേക്കു പയസ്സിനെയും കൂട്ടി ആല്‍ബര്‍ട്ട് ചെന്നു.
ഒരു തീന്‍ മേശക്കു ചുറ്റും കുറെ ആള്‍ക്കാര്‍ ഇരിക്കുന്നു.പയസ്സിനെ അവിടെ ഇരുത്തി ആല്‍ബര്‍ട്ടും ഇരുന്നു.കഴുകി അട്ടിവെച്ചിരിക്കുന്ന പ്ലേറ്റുകളില്‍  ഒന്നെടുത്ത് ആല്‍ബര്‍ട്ട് പയസ്സിനു ഭക്ഷണം വിളമ്പി കൊടുത്തു.മറ്റൊരു പ്ലേറ്റില്‍ അയാള്‍ക്കും എടുത്ത് കഴിക്കാന്‍ തുടങ്ങി.ചിലര്‍ക്കൊക്കെ ആല്‍ബര്‍ട്ട് പയസ്സിനെ പരിചയപ്പെടുതുന്നുണ്ടായിരുന്നു.
ഓരോരുത്തരായി  കഴിക്കുകയും, എഴുന്നേല്‍ക്കുകയും ചെയ്യുന്നുണ്ടായിരുന്നു, പയസ്  ഭക്ഷണം കഴിച്ചെന്നു വരുത്തി എഴുന്നേറ്റു, പതുക്കെ കൈകഴുകി  ആല്‍ബര്‍ട്ടിന്റെ മുറിയിലേക്ക് നടന്നു.അവിടെ ആരും ഉണ്ടായിരുന്നില്ല.

പലരും പുറത്തെ വരാന്തയില്‍ ഇരുന്നു പത്രം വായിക്കുകയും,വര്‍ത്തമാനം പറയുകയും ചെയ്യുകയായിരുന്നു.ആല്‍ബര്‍ട്ട് മുറിയിലേക്ക് വന്നു,"പയസ്സ് കിടന്നോള്..നാളെ മുതല്‍ കടയില്‍ ജോലിക്ക് നില്ക്കെണ്ടതല്ലേ.."ഇന്ന് ഇവിടെ കഴിയാം..." പയസ്സിനു തനിച്ചു കിടക്കാന്‍ അദമ്യമായ ആഗ്രഹം ഉണ്ടായിരുന്നു.അത് മനസ്സിലാക്കിയെന്നോണം റൂമിലെ എസി ഓണ്‍ ചെയ്തു ലൈറ്റ് ഓഫാക്കി ആല്‍ബര്‍ട്ട് പുറത്തിറങ്ങി  വാതില്‍ ചാരി.(തുടരും.)

20 comments:

 1. അവതരണം കൊള്ളാം...എഴുത്ത് തുടരൂ...

  ReplyDelete
 2. ഉമ്മുജാസ്മി നന്നായി എഴുതുന്നുണ്ട് ട്ടോ...
  ഗള്‍ഫില്‍ ആദ്യമായി എത്തുമ്പോഴുണ്ടാവുന്ന ഒരാളുടെ അനുഭവങ്ങള്‍ നന്നായി പറഞ്ഞു. ..
  വിവരണവും ഇപ്പോള്‍ കേമമായി വരുന്നുണ്ട് ....

  ഇനി പയസ്സിന്‍റെ ഗള്‍ഫ് ജീവിതത്തിലൂടെയുള്ള ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.


  അഭിനന്ദനങ്ങള്‍ :)

  ReplyDelete
 3. സമീര്‍ തിക്കൊടി,ഈ ചിരിക്ക് എന്താണാവോ അര്‍ഥം?

  ആറങ്ങോട്ടുകര മുഹമ്മദ്‌,സാര്‍,വളരെ നന്ദി.

  റിയാസ്,നന്ദി ഈ പ്രോത്സാഹനത്തിനു..

  ഹംസ,സന്തോഷം..ഇനിയും വരികയും വായിക്കയും ചെയ്യണേ...ഒത്തിരി നന്ദി.

  ReplyDelete
 4. കൊള്ളാം ..നേരിട്ട് കാണുന്ന പോലെ തോന്നി വായിച്ചപ്പോള്‍ ...ഈ ഭാഗം വളരെ നന്നായിട്ടുണ്ട് ..അല്ല എന്താ ഇത്ര വലിയ ഗ്യാപ്‌ എടുക്കുന്നത് എഴുതാന്‍ ...ഇത് കഴിഞ്ഞിട്ട് അടുത്ത നോവല്‍ എഴുതാന്‍ ഉള്ളതല്ലേ ??

  ReplyDelete
 5. to be encouraged from that smile ... so three times encouraged

  nice to read ... waiting for the rest

  ReplyDelete
 6. തുടരട്ടേ...നന്നായിട്ടുണ്ട്.....

  ReplyDelete
 7. good
  വായിക്കുന്നു.. തുടരൂ..

  ReplyDelete
 8. നല്ല അവതരണം,ആശംസകള്‍....

  ReplyDelete
 9. വലിയ ഗ്യാപ് ആയോ എന്ന് തോന്നുന്നു. ഏതായാലും പയസ്സിന്റെ പ്രവാസ ജീവിത കഥകള്‍ കെള്‍ക്കാമല്ലോ, ഒറ്റയ്ക്ക് ഉറങ്ങാന്‍ താല്‍പ്പര്യം കാണിക്കുന്ന പയസ് ഒരു യഥാര്‍ത്ഥ പ്രവാസിയായി മാറുകയാണ്.

  പുതുവത്സരാശംസകളോടെ,

  ReplyDelete
 10. അങ്ങിനെ ഒരു പ്രവാസി കൂടി പിറന്നു!

  ReplyDelete
 11. അപ്പൊ കഥയുടെ പോക്ക് പ്രവാസത്തിലേക്ക് തന്നെയാണല്ലേ..
  എഴുത്ത്‌ ഉഷാറായി വരുന്നുണ്ട് ജാസ്മിക്കുട്ടീ,,
  ബാക്കി വേഗം എന്ന് പറയാന്‍ ധൈര്യം പോരാ,
  അതുകൊണ്ട് പറയുന്നില്ല,,
  അഭിനന്ദനങ്ങള്‍...

  ReplyDelete
 12. പ്രവാസം ഒരു കഥയുടെ ഉറവിടം തന്നെ ഒരു പാട് പ്രവാസ കഥകള്‍ ഞാന്‍ വായിച്ചു കയിഞ്ഞു ഇപ്പോള്‍

  ReplyDelete
 13. ജാസ്മിക്കുട്ടി, സ്നേഹത്തിന്റെയും സന്തോഷത്തിന്റെയ്യും പുതുവത്സരം ആശംസിക്കുന്നു.
  സ്നേഹത്തോടെ.

  ReplyDelete
 14. പ്രവാസത്തിന്റെ തുടക്കം.....
  പ്രതീക്ഷകളുടെ തുടക്കം
  ജീവിതാര്‍പ്പണത്തിന്റെ തുടക്കം
  നോവുകള്‍ നൊമ്പരങ്ങള്‍
  വിരഹത്തിന്റെ അലട്ടലുകള്‍
  നിരാശയായ മടക്കം.........

  ഒരു പ്രവാസികൂടി വായിക്കപ്പെട്ടു
  നന്നായി എഴുതി
  അഭിനന്ദനങ്ങള്‍!

  ReplyDelete
 15. നന്നായിട്ടുണ്ട്. ഞാനും ചില പ്രവാസ വിശേഷങ്ങള്‍ എഴുതിയുട്ടുണ്ട്. സന്ദര്‍ശിച്ചാലും

  ReplyDelete
 16. എഴുത്ത് കൂടുതൽ നന്നാകുന്നു.
  അടുത്ത ഭാഗം വരട്ടെ.........

  ReplyDelete
 17. അഭിപ്രായം രേഖപ്പെടുത്തിയ പ്രിയ കൂട്ടുകാര്‍ക്കെല്ലാം നന്ദി...

  ReplyDelete